തീ ആളിപ്പടർന്നു, നിലവിളികൾ ഉയർന്നു

Thursday 13 June 2024 1:32 AM IST

(തീപിടിച്ച ലേബർ ക്യാമ്പിന് സമീപം താമസിക്കുന്ന പത്തനംതിട്ട പുല്ലാട് സ്വദേശിയായ സിവിൽ എൻജിനീയർ സി.പി അരുൺ സംഭവസ്ഥലത്ത് നിന്ന് നൽകുന്ന വിവരണം )

പത്തനംതിട്ട : പൊതുവേ ശാന്തമായ മംഗാഫ് ബ്ലോക്കിൽ ഇന്നലെ പുലർച്ചെ മുതൽ കരച്ചിലും മുറവിളിയുമാണ്. കഴിഞ്ഞ ദിവസം കണ്ട പലരും ഇപ്പോൾ ജീവനോടെ ഇല്ല. ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിൽ കൂടെ കിടന്നവർ പോലും എവിടെയെന്ന് അറിയില്ല. രാവിലെ മൂന്ന് മണിക്ക് ഈ ക്യാമ്പിന് മുമ്പിൽ കൂടി ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മംഗാഫ് ശാന്തമായിരുന്നു. സൈറ്റിൽ ചെന്ന് ഒന്നരമണിക്കൂറിൽ റൂമിൽ നിന്ന് സുഹൃത്തുക്കൾ ഫോൺ ചെയ്താണ് സംഭവം അറിയുന്നത്. തന്റെ ഡ്രൈവ‌റിന്റെ കൂട്ടുകാരിൽ രണ്ട് പേർ മരിച്ചു. തീ പിടിച്ചത് രാവിലെ ആയതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. പുക ശ്വസിച്ച് ഞെട്ടിയുണർന്നവർ കാണുന്നത് ചുറ്റും തീ ആളുന്നതാണ്. ഉറക്കച്ചടവിൽ ഇറങ്ങി ഓടി താഴേക്കുള്ള പടികളിലെത്തിയെങ്കിലും ചൂടിൽ വെന്തുപോയി പലരും. ചിലർ കോണിപ്പടിയിൽ നിന്ന് ചാടിയും അപകടത്തിലായി.

ഏത് ആശുപത്രിയിലേക്കാണ് ആളുകളെ കൊണ്ടു പോയതെന്നറിയാതെ പരിഭ്രാന്തിയിലാണ് ബന്ധുക്കൾ. മംഗാഫിനടുത്തുള്ള ആശുപത്രികളെല്ലാം നിറഞ്ഞു. കുവൈറ്റിന്റെ ജഹറ അതിർത്തി വരെ പരിക്കേറ്റവരെ എത്തിച്ചിട്ടുണ്ട്. മൃതദേഹങ്ങളിൽ പലതും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ബഹുനില കെട്ടിടത്തിന്റെ ജനാലയിലൂടെ താഴേക്ക് ചാടിയും പലരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ റോഡിൽ തലപിളർന്ന് ചോരയിൽക്കുളിച്ച് കിടക്കുന്നുണ്ടായിരുന്നു.

രക്ഷാ പ്രവർത്തനം തുടരുകയാണ്. റോഡെല്ലാം ബ്ലോക്ക് ആണ്.

അൻപത് ഡിഗ്രി ചൂടുമാണ് ഇവിടെ. വൈകിട്ട് ചെറുതായി പുകയടങ്ങി. ഇവിടെയുള്ള ഒരു ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്.

ചെറുപ്പക്കാരാണ് ഈ ഫ്ലാറ്റിൽ കൂടുതലും. ആരൊക്കെ എവിടെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എങ്ങും കരച്ചിലും ബഹളവുമാണ്. ബന്ധുക്കൾ ഉറ്റവരെ കണ്ടെത്താനുള്ള വെപ്രാളത്തിലാണ്.

Advertisement
Advertisement