കോളേജ് പ്രവേശനം ഇനി വർഷത്തിൽ രണ്ടു തവണ

Thursday 13 June 2024 1:34 AM IST

ന്യൂഡൽഹി: 2024-25 അദ്ധ്യയന വർഷം മുതൽ രാജ്യത്തെ സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവിടങ്ങളിൽ വർഷത്തിൽ രണ്ടു തവണ വിദ്യാർത്ഥി പ്രവേശനം അനുവദിച്ച് യു.ജി.സി. ജൂലായ്-ആഗസ്റ്റ് മാസങ്ങളിലാണ് നിലവിൽ പ്രവേശന നടപടികൾ. ഇനി ജനുവരി-ഫെബ്രുവരി മാസങ്ങളിലും പ്രവേശനം നൽകും.

വിന്റർ, സമ്മർ എന്നിങ്ങനെ രണ്ടുഘട്ടമായുള്ള വിദേശ സർവകലാശാലാ മാതൃക ഇന്ത്യയിലും പിന്തുടരാനാണ് യു.ജി.സി തീരുമാനം. ഈ രീതി എല്ലാ സ്ഥാപനങ്ങളും നടപ്പാക്കണമെന്ന് നിർബന്ധമില്ല. പുതിയ രീതിയിലേക്കു മാറുന്ന സ്ഥാപനങ്ങൾക്ക് പുതിയ കോഴ്സോ നിലവിലെ കോഴ്സിന്റെ പുതിയ ബാച്ചോ ആരംഭിക്കാം. ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപകർ എന്നിവ സ്ഥാപനം കണ്ടെത്തണം.

പല വിദ്യാഭ്യാസ ബോർഡുകളുടെയും ഫലപ്രഖ്യാപനം വൈകാറുണ്ട്. ഇതുമൂലം നിരവധി വിദ്യാർത്ഥികൾക്ക് ആദ്യഘട്ട പ്രവേശനത്തിന്റെ ഭാഗമാകാൻ കഴിയാതെ വരികയും ഒരു വർഷം നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ പ്രശ്നത്തിനും പരിഹാരമാണ് പുതിയ നയം. കൂടാതെ, മെഡിക്കൽ-എൻജിനിയറിംഗ് കോച്ചിംഗിൽ നിന്ന് ഇടയ്ക്ക് പിന്മാറുന്ന വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട കോളേജ് പ്രവേശന നടപടികളിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും.

ഓൺലൈൻ, വിദൂര വിദ്യാഭ്യാസം, ഓപ്പൺ കോഴ്സുകളിൽ രണ്ടുഘട്ട പ്രവേശനം കഴിഞ്ഞവർഷം മുതൽ രാജ്യത്തുണ്ട്. ഇതിനു മികച്ച പ്രതികരണം ലഭിച്ചു. 2022 ജൂലായിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകളിൽ 19.7 ലക്ഷം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. പിന്നീട് ജനുവരിയിൽ 4.2 ലക്ഷംപേർ കൂടി പ്രവേശനം നേടിയതും യു.ജി.സിയുടെ പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.

.....................................................

വലിയ മാറ്റങ്ങൾ സൃഷ്ടിക്കും (സബ് ഹെഡ്)

- ഡോ.ടി.പി. സേതുമാധവൻ

(വിദ്യാഭ്യാസ വിദഗ്ദ്ധൻ)

യു.ജി.സി തീരുമാനം ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഉന്നത വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾക്ക് പ്ലാനിംഗ് നടത്താൻ കഴിയുമെന്നതാണ് വലിയ നേട്ടം. വിദ്യാർത്ഥികൾക്ക് ആറുമാസത്തെ ഹ്രസ്വകാല കോഴ്‌സുകൾ, പാർട്ട് ടൈം തൊഴിൽ, ഇന്റേൺഷിപ്പ് തുടങ്ങിയ സാദ്ധ്യതകളാണ് പുതിയ തീരുമാനത്തിലൂടെ ലഭിക്കുക.

കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം, അദ്ധ്യാപകരുടെ തൊഴിലവസരങ്ങളുടെ വർദ്ധന, കോളേജുകളുടെ ആഭ്യന്തര വരുമാന വർദ്ധന എന്നിവയും ഗുണകരമാണ്. രണ്ടുവട്ടം കാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നത് വിദ്യാർത്ഥികളുടെ തൊഴിലവസര സാദ്ധ്യതയും കൂട്ടും. വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ് പ്രോഗ്രാമുകൾ വിപുലപ്പെടുത്താനും പുതിയ തീരുമാനത്തിലൂടെ സാധിക്കും.

Advertisement
Advertisement