ജോസ കൗൺസലിംഗ് രജിസ്‌ട്രേഷൻ 18 വരെ

Thursday 13 June 2024 1:35 AM IST

ഡോ.ടി.പി. സേതുമാധവൻ

ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.ഐ.ടികൾ എന്നിവയിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ്, മെയിൻ 2024 പരീക്ഷകളുടെ അടിസ്ഥാനത്തിലെ ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) കൗൺസലിംഗ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. www.jossa.nic.in വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിംഗ് നടപടികൾ പൂർത്തിയാക്കാം. രജിസ്ട്രേഷന് ഈ മാസം 18വരെ സമയമുണ്ട്.

അഭിരുചി പരീക്ഷാഫലം 14ന്

സംയുക്ത സീറ്റ് അലോട്ട്‌മെന്റ് പ്രക്രിയയിൽ ബി.ടെക്, ബി.ആർക്ക്, ബി.പ്ലാനിംഗ്, ഇന്റഗ്രേറ്റഡ് ബിരുദാനന്തര കോഴ്‌സുകൾ എന്നിവ ഉൾപ്പെടും. ഐ.ഐ.ടി ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ യോഗ്യത നേടിയവർക്ക് ബി.ആർക്ക് കോഴ്‌സുകൾ ഉൾപ്പെടുത്താം. അഭിരുചി പരീക്ഷാ റിസൾട്ട് 14ന് പ്രസിദ്ധീകരിക്കും.

ഓപ്ഷൻ

..................

ഒരാൾക്ക് എത്ര ഓപ്ഷനും നൽകാം. എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് ഓപ്ഷൻ നൽകാം. ഐ.ഐ.ടി പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് സ്‌കോർ ആവശ്യമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് & ടെക്‌നോളജിയിൽ ജെ.ഇ.ഇ മെയിൻ വിലയിരുത്തിയാണ് പ്രവേശനമെങ്കിലും അഡ്വാൻസ്ഡ് സ്‌കോറും വേണം. എൻ.ഐ.ടി, ഐ.ഐ.ഐ.ടികളിൽ ജെ.ഇ.ഇ മെയിൻ സ്‌കോർ ആവശ്യമാണ്. മറ്റു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ജെ.ഇ.ഇ മെയിൻ റാങ്ക് വിലയിരുത്തിയാണ് പ്രവേശനം.

ആറ് റൗണ്ടുകൾ

.................................

ജോസാ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയാണ് കൗൺസലിംഗിന്റെ ആദ്യ കടമ്പ. ജെ.ഇ.ഇ മെയിൻ 2024 റോൾ നമ്പറും പാസ്‌‌വേർഡും ഉപയോഗിച്ചും ജെ.ഇ.ഇ അഡ്വാൻസ്ഡ് പാസ്‌‌വേർഡ് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം. രണ്ടാമത്തെ പ്രക്രിയ ചോയ്‌സ് ഫില്ലിംഗ് അഥവാ ഓപ്ഷൻ നൽകുകയാണ്. ഓപ്ഷൻ നൽകിക്കഴിഞ്ഞാൽ ലോക്ക് ചെയ്ത് പ്രിന്റ്ഔട്ട് എടുക്കണം. ലഭിച്ച സീറ്റിൽ തൃപ്തരായവർക്ക് ഫ്രീസ് ഓപ്ഷനും ഹയർ ഓപ്ഷൻ ആഗ്രഹിക്കുന്നവർക്ക് ഫ്ളോട്ട്/സ്ലൈഡ് ഓപ്ഷനും തെരഞ്ഞെടുക്കാം. ഇവർ തുടർ റൗണ്ട് സീറ്റ് അലോട്ട്മെന്റ് പ്രോസസിനു യോഗ്യത നേടും. സീറ്റ് ലഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ മികച്ച ഓപ്ഷൻ വേണ്ടവർക്ക് സ്ലൈഡ് ബട്ടണും മറ്റു ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ളോട്ട് ബട്ടണും തെരഞ്ഞെടുക്കാം.

ഐ.ഐ.ടികളിൽ 355 സീറ്റ് വർദ്ധന

രാജ്യത്തെ 23 ഐ.ഐ.ടികളിലായി 17,740 വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യയന വർഷം പ്രവേശനത്തിന് അവസരം ലഭിക്കും. ഇത്തവണ 355 സീറ്റുകളുടെ വർദ്ധനയുണ്ട്.

Advertisement
Advertisement