സുരേഷ് ഗോപിക്ക് തൃശൂർ മാത്രം പോര, കണ്ണൂരും വേണം; ഒടുവിൽ വെളുത്ത താടിയുടെ രഹസ്യവും വെളിപ്പെടുത്തി

Thursday 13 June 2024 10:41 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും എല്ലാവരും ശ്രദ്ധിച്ചത് സുരേഷ് ഗോപിയുടെ പ്രത്യേക രീതിയിലുളള വെളുത്ത താടിയായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷമുളള സമയത്ത് എന്തിനാ ഇങ്ങനെയൊരു താടിവച്ചതെന്ന് ആരാധകരുൾപ്പടെ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നിലെ രഹസ്യം എന്താണെന്ന് സുരേഷ് ഗോപി വെളുപ്പെടുത്തുകയും ചെയ്തില്ല. ഒടുവിൽ കഴിഞ്ഞദിവസം കഥാകൃത്ത് ടി പത്മനാഭന്റെ ചോദ്യത്തിന് മുന്നിൽ അദ്ദേഹം ആ രഹസ്യം വെളിപ്പെടുത്തി. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ പത്മനാഭസ്വാമിയുടെ വേഷത്തിനുവേണ്ടിയാണ് താടിവളർത്തുന്നതെന്നായിരുന്നു സുരേഷ് ഗോപി അദ്ദേഹത്തോട് പറഞ്ഞത്. വയ്പ്പുതാടി ശരിയാവാത്തതുകൊണ്ടാണ് താടിവളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയായശേഷം കണ്ണൂർ സന്ദർശനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ടി പത്മനാഭനെ കാണാൻ ഉച്ചയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ കവിത ചൊല്ലിക്കൊണ്ടാണ് ടി പത്മനാഭൻ സുരേഷ് ഗോപിയെ സ്വീകരിച്ചത്. രാഷ്ട്രീയവും കേന്ദ്രമന്ത്രിപദവിയുമെല്ലാം ഇരുവരും ചർച്ചചെയ്യുകയും ചെയ്തു.

ഇന്നലെ മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലും സുരേഷ് ഗോപി എത്തിയിരുന്നു. സുരേഷേ വാ...എന്നുപറഞ്ഞ് കൈപിടിച്ച് സ്വീകരിച്ച നായനാരുടെ ഭാര്യ ശാരദ ടീച്ചറുടെ . കാൽതൊട്ടു വന്ദിച്ച് അദ്ദേഹം അനുഗ്രഹം തേടുകയും ചെയ്തു. നായനാരെ കുറിച്ചുള്ള ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ 'പ്രിയ സഖാവ്' സുരേഷ് ഗോപിക്ക് നൽകി. പുസ്‌തകം വായിച്ച് അഭിപ്രായം അറിയിക്കണമെന്നും ടീച്ചർ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചാണ് സുരേഷ് മടങ്ങിയത്.

നായനാരോട് ഏറെ അടുപ്പമായിരുന്നു സുരേഷ് ഗോപിക്ക്. പലപ്രാവശ്യം വീട്ടിൽ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുണ്ട്. കണ്ണൂരിൽ എത്തുമ്പോൾ വിളിച്ച് പറയും അമ്മാ ഭക്ഷണം വേണമെന്ന്. ഇപ്പോൾ പഴയ സുരേഷല്ലല്ലോ. ഒരുപാട് തിരക്കുണ്ട്. എന്നിട്ടും വന്നതിൽ വളരെ സന്തോഷം. രാഷ്ട്രീയം വേറെയാണെന്നേ ഉള്ളൂ, ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്ന ആളാണ് - ശാരദ ടീച്ചർ പറഞ്ഞു.

കോഴിക്കോട്ടെ തളി ക്ഷേത്രം, കണ്ണൂർ പഴയങ്ങാടിയിലെ മാടായി കാവ്, പറശിനിക്കടവ് എന്നിവിടങ്ങളിൽ ദർശനത്തിന് ശേഷമാണ് ശാരദ ടീച്ചറെ കാണാനെത്തിയത്. പിന്നീട് പയ്യാമ്പലത്തെ മാരാർജി സ്മൃതി മണ്ഡപം സന്ദർശിച്ചു. വൈകിട്ട് കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തി.



രാഷ്ട്രീയം കലർത്തരുത്: ശാരദ ടീച്ചർ

വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ലെന്നു ശാരദ ടീച്ചർ. സഖാവിനെ സുരേഷ് ഗോപി വിളിക്കാറുള്ളത് അച്ഛാ എന്നാ, എന്നെ അമ്മേയെന്നും. തുറന്ന മനസാണല്ലോ എന്റെ സഖാവിന്. പല മുഖ്യമന്ത്രിമാരേയും പരിചയമുണ്ടെങ്കിലും സഖാവിനോടുള്ള അടുപ്പം ആരുമായും ഇല്ലെന്ന് സുരേഷ് പറഞ്ഞിട്ടുണ്ട്. അമ്മയെ കാണുമെന്ന് പറഞ്ഞാണ് ഇങ്ങോട്ട് വരുന്നത്. എന്റെ സഖാവാരെന്ന് അറിയില്ലേ. ഇതിൽ രാഷ്ട്രീയം കാണരുത്... നായനാരെ കുറിച്ച് പറഞ്ഞ് ടീച്ചറുടെ കണ്ണ് നിറഞ്ഞു.


കണ്ണൂരും ഇങ്ങ് തരണം: സുരേഷ് ഗോപി

ആത്മബന്ധമാണ് നായനാരും കുടുംബവുമായി. എന്റെ അപ്പച്ചിയാണ് ടീച്ചർ. നായനാരെപ്പോലെ മുന്തിയ പരിഗണന പാവങ്ങൾക്ക് നൽകും. കണ്ണൂരു കൂടി നിങ്ങൾ ഇങ്ങു തരണം. എന്റെയും കൂടിയല്ലേ കണ്ണൂർ - മാരാർജി സ്മൃതി കുടീരത്തിൽ വച്ച് സുരേഷ് ഗോപി പറഞ്ഞു.

Advertisement
Advertisement