തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ച് ലക്ഷം രൂപ നൽകും, യൂസഫലിയും രവി പിള്ളയും സഹായം പ്രഖ്യാപിച്ചു

Thursday 13 June 2024 11:51 AM IST

തിരുവനന്തപുരം: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാ‌ർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും. രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക.

ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ മരണമടഞ്ഞു എന്നാണ് വിവരം. തീപിടിത്തത്തിൽ ആകെ 49 പേ‌ർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും.