തീയിൽ അകപ്പെടുമെന്ന് മനസിലായപ്പോൾ മൂന്നാം നിലയിൽ നിന്ന് ചാടി; കുവെെറ്റ് തീപിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി
കാസർകോട്: കുവെെറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിലെ കമ്പനി ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസർകോട് സ്വദേശി നളിനാക്ഷനാണ് താഴെയുള്ള വാട്ടർ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കളാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീപിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് നളിനാക്ഷൻ ടാങ്കിലേക്ക് ചാടിയത്. നളിനാക്ഷൻ വീട്ടിലേക്ക് വിളിച്ചതോടെ തൃക്കരിപ്പൂർ ഒളവറയിലെ അമ്മ യശോദയ്ക്കും ഭാര്യ ബിന്ദുവിനും സഹോദരങ്ങൾക്കും ആശ്വാസമായി. നിരവധി പേർ തീപിടിത്തത്തിൽ മരിച്ചെന്ന വാർത്ത പരന്നതോടെ ആധിയിലായിരുന്നു ഇവർ.
'കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീയും പുകയും വന്നപ്പോഴാണ് കാര്യം മനസിലാകുന്നത്. ആദ്യം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുമെന്ന് ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തുചാടി. വീഴ്ചയിൽ അരയ്ക്ക് താഴെ പരിക്കേറ്റു. ആശുപത്രിയിൽ എത്തുന്നതുവരെ ബോധമുണ്ടായിരുന്നില്ല', നളിനാക്ഷൻ ബന്ധുക്കളോട് പറഞ്ഞു. 10 വർഷത്തിലേറെയായി കുവെെറ്റിൽ ജോലി ചെയ്യുകയാണ് നളിനാക്ഷൻ.
അതേസമയം, ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.