പ്രവാസികളടക്കം തൊഴിൽ തേടുന്നവർക്ക് വൻ തിരിച്ചടി; നിയമനങ്ങൾ നിർത്തിവയ്ക്കാനും മരവിപ്പിക്കാനും ഗൾഫ് കമ്പനികൾ

Thursday 13 June 2024 1:11 PM IST

അബുദാബി: വിദേശജോലി ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി യുഎഇ കമ്പനികളുടെ പുതിയ നീക്കം. വരും മാസങ്ങളിൽ ചില കമ്പനികൾ റിക്രൂട്ട്‌മെന്റ് നിർത്തിവയ്ക്കുമെന്നും കാലതാമസം ഉണ്ടാവുമെന്നുമാണ് വിവരം പുറത്തുവരുന്നത്. അടുത്ത 12 മാസത്തിനിടെ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കാൻ യുഎഇയിലെ 63 ശതമാനം കമ്പനികളും പദ്ധതിയിടുന്നതിനിടെയാണ് ചില കമ്പനികൾ നിയമനങ്ങൾ തന്നെ നിർത്തിവയ്ക്കുന്നത്.

വിവിധ രാജ്യങ്ങളിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അസ്ഥിരമായ പണപ്പെരുപ്പവുമാണ് നിയമനങ്ങൾ നിർത്തിവയ്ക്കുന്നതിനും വൈകുന്നതിനും കാരണമെന്ന് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസികൾ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. യുഎഇ നൂറോളം ബിസിനസ് നിരീക്ഷകർക്കിടയിലാണ് സർവേ നടത്തിയത്.

യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം നിയമനങ്ങൾ നടത്താനാണ് കാത്തിരിക്കുന്നതെന്ന് 33 ശതമനം യുഎഇ ബിസിനസുകാർ വ്യക്തമാക്കി. പലിശ നിരക്കിൽ സ്ഥിരത വരുന്നതിനായാണ് കാത്തിരിക്കുന്നതെന്ന് 32 ശതമാനം ബിസിനസുകാർ പറഞ്ഞു. യുഎഇയിലെ ജീവിതച്ചെലവുകൾ വർദ്ധിക്കാൻ കാരണമാവുന്ന ആഗോള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 23 ശതമാനം ബിസിനസ് ഉടമകൾ നിയമനം നിർത്തിവച്ചിരിക്കുന്നത്.

ഇതിന്റെ ഫലമായി 2024 അവസാന കാലത്തും 2025ലും നിയമനങ്ങളുടെ നിരക്കിൽ വലിയ തിരക്ക് അനുഭവപ്പെടാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താൽ തന്നെ 67 ശതമാനം ബിസിനസ് നേതാക്കളും തങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചയിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും സർവേയിൽ വ്യക്തമാക്കുന്നു.

Advertisement
Advertisement