സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തി, മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Thursday 13 June 2024 3:16 PM IST

കൊച്ചി: മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് നിർദേശിച്ച് ഹൈക്കോടതി. സൂര്യനെല്ലി പീഡനക്കേസ് ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണിത്. സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെകെ ജോഷിയാണ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സൂര്യനെല്ലി കേസിനെപ്പറ്റി സിബി മാത്യൂസിന്റെ 'നിർഭയം' എന്ന പുസ്‌തകത്തിൽ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇരയെ തിരിച്ചറിയാൻ പറ്റുന്ന രീതിയിലായിരുന്നു അതിലെ പരാമർശം. ഇര, അവരുടെ മാതാപിതാക്കൾ, പ്രദേശം എന്നിവയെപ്പറ്റിയെല്ലാം പറഞ്ഞ് അവരെ പൊതു സമൂഹത്തിൽ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെന്നാണ് ജോഷി കോടതിയെ അറിയിച്ചത്. ജോഷി ആദ്യം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.

സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുസ്‌തകത്തിൽ പെൺകുട്ടിയുടെ പേര് നൽകിയിട്ടില്ലെങ്കിലും മറ്റ് വിവരങ്ങളെല്ലാം ഉണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്നും ജോഷിയുടെ പരാതിയിൽ പറ‌ഞ്ഞിട്ടുണ്ട്. സിബി മാത്യൂസിനെതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.