എടിഎമ്മിൽ നിന്ന് 10,000 രൂപ ലഭിച്ചില്ല; കൊല്ലം സ്വദേശിക്ക് 40,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

Thursday 13 June 2024 4:51 PM IST

കൊല്ലം: എ ടി എമ്മിൽ നിന്ന് പണം ലഭിക്കാത്ത കൊല്ലം സ്വദേശിനിക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കൊല്ലം വനിത സെല്ലിലെ അസി. സബ് ഇൻസ്പെക്ടറായ വി സുപ്രഭയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

2019 ഏപ്രിൽ 12നാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. പരാതിക്കാരി ഇരവിപുരത്തെ എ ടി എമ്മിൽ നിന്ന് 20,000 രൂപ പിൻവലിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 10,000 രൂപ മാത്രമാണ് ലഭിച്ചത്. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 20,000 രൂപ കുറയുകയും ചെയ്തു. ആദ്യം ബാങ്കിന് നൽകിയ പരാതി തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം ബാങ്കിംഗ് ഓംബുഡ്സ്മാന് പരാതി നൽകി. എന്നാൽ അതും തള്ളി. തുടർന്ന് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച കമ്മിഷൻ 40,000 രൂപ നൽകാൻ ഉത്തരവാകുകയായിരുന്നു.

എ ടി എമ്മിൽ നിന്ന് ലഭിക്കാത്ത 10,000 രൂപയും നഷ്ടപരിഹാരവും ചെലവും ഉൾപ്പെടെ 40,000 രൂപ ഉപഭോക്താവിന് നൽകാനാണ് കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ്. 25,000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നഷ്ടപ്പെട്ട 10000 രൂപയും ചേർത്താണ് 40,000 രൂപ നൽകാൻ ഉത്തരവായത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. സി പത്മകുമാരൻ നായർ ആണ് ഹാജരായത്.

Advertisement
Advertisement