നെഞ്ചിടിപ്പോടെ ആരാധകര്‍; ലോകകപ്പില്‍ വീണ്ടും ഇന്ത്യ - ഓസ്‌ട്രേലിയ മത്സരം

Thursday 13 June 2024 7:52 PM IST

ഗയാന: 2023 നവംബര്‍ 19, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം, നീലക്കുപ്പായത്തില്‍ 1.30 ലക്ഷം കാണികള്‍, അതിന്റെ എത്രയോ ഇരട്ടി ആരാധകര്‍ സ്‌റ്റേഡിയത്തിന് പുറത്ത് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. തുടര്‍ച്ചയായി ലോകകപ്പിലെ പത്ത് മത്സരങ്ങളും വിജയിച്ച് കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും അണിനിരക്കുന്ന ഇന്ത്യ. പക്ഷേ അന്ന് ഓസ്‌ട്രേലിയയുടെ പ്രൊഫഷണിലിസത്തിലും ഇന്ത്യയുടെ ഭാഗ്യക്കേടിലും തട്ടി രാജ്യം മുഴുവന്‍ നെഞ്ച് പൊട്ടി ഓസീസ് ആറാം ലോകകിരീടം ഉയര്‍ത്തുന്നതിന് സാക്ഷിയായി മടങ്ങി.

ദിവസങ്ങളെടുത്തു ആ തോല്‍വി സൃഷ്ടിച്ച മനോവിഷമത്തില്‍ നിന്ന് മുക്തരാകാന്‍ കളിക്കാര്‍ക്കും ക്രിക്കറ്റ് ആരാധകര്‍ക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ കളിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, അമേരിക്ക എന്നിവരെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ടിലേക്ക് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു.

മൂന്ന് മത്സരങ്ങളാണ് സൂപ്പര്‍ എട്ടില്‍ ഇന്ത്യക്ക് കളിക്കേണ്ടത്. അതിലൊന്ന് സാക്ഷാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് എതിരെയാണ്. ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്. ലോകകപ്പ് ഫൈനലില്‍ സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങിയതിന്റെ പ്രതികാരം ഇന്ത്യ വീട്ടുമോ അതോ മറ്റൊരു ലോകകപ്പ് മത്സരത്തില്‍കൂടി ഓസ്‌ട്രേലിയയുടെ മുന്നില്‍ മുട്ടിടിക്കുമോ എന്ന ആശങ്കയിലും നെഞ്ചിടിപ്പിലുമാണ് ആരാധകര്‍.

സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായി ജൂണ്‍ 20ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലും, ജൂണ്‍ 22ന് ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ആന്റിഗ്വയിലുമാണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുക. രണ്ട് ഗ്രൂപ്പുകളുള്ള സൂപ്പര്‍ എട്ടില്‍ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും. അതിനാല്‍ തന്നെ ഈ ലോകകപ്പിലും ഒരു ഇന്ത്യ - ഓസ്‌ട്രേലിയ ഫൈനലിനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല.

Advertisement
Advertisement