ലോറിസമരം നീളുന്നു റേഷനരി വിതരണം നിലയ്ക്കും

Friday 14 June 2024 12:53 AM IST
ലോറി

കൊച്ചി: രണ്ടാഴ്ച മുമ്പാരംഭിച്ച ലോറിസമരം ഉടൻ അവസാനിച്ചില്ലെങ്കിൽ സാധാരണക്കാരുടെ അന്നംമുട്ടും. ഇതിനോടകം വാതിൽപ്പടി സേവനം മുടങ്ങി. അടുത്തയാഴ്ച റേഷൻകടകളിലെ അരി വിതരണവും നിലച്ചേക്കും. എഫ്.സി.ഐയുടെ ഗോഡൗണുകളിൽ നിന്ന് സ്റ്റോക്ക് എടുക്കാത്തതിനാൽ രണ്ടാഴ്ചയായി കടകളിൽ അരി എത്തുന്നില്ല. ഒരാഴ്ച കൂടി കഴിഞ്ഞാൽ റേഷൻ കടകളിൽ അരി ലഭിക്കാത്ത അവസ്ഥയിലേക്കെത്തുമെന്ന് വ്യാപാരികൾ പറഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിലെ വാഹനകരാറുകാർക്ക് പണം നൽകാത്തതിനാലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ജൂൺ ഒന്നുമുതലാണ് വാഹനകരാറുകാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബിൽ തുക സമർപ്പിച്ചാൽ ആദ്യത്തെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിലും നൽകണമെന്നാണ് വ്യവസ്ഥ. പലതവണ സപ്ലൈകോ സി.എം.ഡിക്കും ഭക്ഷ്യ വകുപ്പ് അധികൃതർക്കും നിവേദനം നൽകിയിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് കരാറുകാർ പറയുന്നു. ധനവകുപ്പ് പല കാരണങ്ങൾ പറഞ്ഞ് അനുമതി നൽകാത്തതാണ് സപ്ലൈകോയ്ക്ക് ഫണ്ട് ലഭിക്കാത്തതിന് കാരണമെന്നും ഇവ‌ർ പറയുന്നു.

കരാറുകാർ കഷ്ടത്തിൽ

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് സ്റ്റോക്ക് എടുത്ത് വാതിൽപ്പടി വിതരണം നടത്തിയതിന്റെ കുടിശികത്തുക ലഭിക്കാത്തതാണ് സമരത്തിന് കാരണം. 75 കോടി രൂപ ഈയിനത്തിൽ ലഭിക്കാനുണ്ട്. ലോറിയുടമകൾക്ക് ലഭിക്കാനുള്ള തുകയുടെ 40 ശതമാനം ക്ഷേമനിധിയിൽ അടയ്ക്കാനുള്ളതാണ്. വിഹിതം അതത് മാസം ക്ഷേമനിധിയിൽ അടച്ചില്ലെങ്കിൽ 25 ശതമാനം പലിശ ക്ഷേമനിധിയ്ക്ക് നൽകണം. കൃത്യമായി വിഹിതം അടയ്ക്കാൻ പറ്റാത്തതിനാൽ റവന്യൂ റിക്കവറി നടപടി നേരിടുകയാണ് പല കരാറുകാരും.

ആവശ്യങ്ങൾ

അതത് മാസത്തെ ബിൽ നൽകിയാൽ 90 ശതമാനം തുക കൃത്യമായി നൽകുക

സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കിയശേഷം ബാക്കി 10 ശതമാനം തുക നൽകുക

ക്ഷേമനിധിയിൽ അടയ്ക്കേണ്ട തുക ബില്ലുകളിൽ നിന്ന് പിടിച്ച് സപ്ലൈകോ നേരിട്ട് നൽകുക

കയറ്റിറക്ക് കൂലി ഏകീകരിക്കുക

ഭക്ഷ്യധാന്യങ്ങൾ കൃത്യമായി തൂക്കി ആളന്ന് ബോദ്ധ്യപ്പെടുത്തി നൽകുക

റേഷൻ കടകളിൽ പോകുന്ന വാഹനങ്ങളിൽ റൂട്ട് ഓഫീസറുടെ സേവനം ഉറപ്പ് വരുത്തുക

# ലഭിക്കാനുള്ള കുടിശിക- 75 കോടി

# തൊഴിലാളികൾ- 9,000

# ആകെ താലൂക്ക് 78

പലതവണ സപ്ലൈകോ അധികൃതർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് സമരത്തിനിറങ്ങിയത്. സർക്കാർ അടിയന്തരമായി പ്രശ്നം പരിഹരിക്കണം

തമ്പി മേട്ടുതറ

സംസ്ഥാന പ്രസിഡന്റ്

കേരള ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ

റേഷൻ കടകളിൽ ശേഷിക്കുന്നത് 20 ശതമാനത്തോളം അരി മാത്രമാണ്. സ്റ്റോക്കുള്ള അരി ഒരാഴ്ചയ്ക്കുള്ളിൽ തീരും.

എൻ. ഷിജീർ

സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി

കേരള സ്റ്റേറ്റ് റീട്ടെയി​ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ

Advertisement
Advertisement