എ.സി മിലാൻ അന്താരാഷ്ട്ര ടൂർണമെന്റ്   മലയാളി കുരുന്നുകൾ ഇറ്റലിയിലേക്ക് പറന്നു, ഇന്ത്യയ്ക്കായി പന്തുരുട്ടാൻ

Friday 14 June 2024 12:02 AM IST
അണ്ടർ 11 എ.സി മിലാൻ ടൂർണമെന്റിൽ ഇന്ത്യയ്ക്കായി കളിക്കുന്ന കേരളത്തിലെ കുട്ടികൾ

കോഴിക്കോട് : അണ്ടർ 11 എ.സി മിലാൻ ടൂർണമെന്റിൽ പന്തുരുട്ടാൻ മലയാളി കുരുന്നുകൾ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എ.സി മിലാൻ അക്കാഡമിയുടെ 12 കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടുന്ന പത്ത് കുട്ടികളാണ് ഇന്നലെ ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരൺ കെ. ശങ്കർ ക്യാപ്റ്റനായ ടീമിൽ ഹിഷാം പി.വി, ഹനീഫ് ടി.വി, ബന്യാമിൻ, റയാൻ റിച്ച്, മുഹമ്മദ് യാസീൻ യൂസഫ്, ലെമിൻ ജെയ്സൽ, മാധവ് സന്ദീപ്, ശ്രീഹരി, മുഹമ്മദ് ഫാഹ്മിൻ സാദിഖ് എന്നിവർ അംഗങ്ങളാണ്. എറണാകുളം, കോഴിക്കോട്, മലപ്പുറം, എടപ്പാൾ, കൊണ്ടോട്ടി എന്നിവിടങ്ങളിലെ കുട്ടികളാണ് വിദേശ ടീമുകളുമായി മാറ്റുരയ്ക്കുന്നത്.

എ.സി മിലാൻ ടെക്നിക്കൽ ഡയറക്ടർ ആൽബർട്ട് ലാകണ്ടേല, ഡയറക്ടർ മിലൻ ബൈജു, കോച്ചുകളായ മൊഫീദ് അമാൻ, മുഹമ്മദ് അജ്മൽ എന്നിവരാണ് പത്തംഗ ടീമിനെ നയിക്കുന്നത്. എ.സി മിലാന് കേരളത്തിൽ മാത്രമാണ് പരിശീലന കേന്ദ്രം. അതിനാൽ ഇറ്റലിയിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 90 ടീമുകൾ പങ്കെടുക്കുന്ന മിലാൻ കപ്പ് അണ്ടർ 11 ഇന്റർ നാഷണൽ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചായിരിക്കും മത്സരിക്കുക. കൊണ്ടോട്ടി റിക്സ് അറീനയിൽ നടന്ന യാത്രയയപ്പിൽ എ.സി മിലാൻ കേരള ഡയറക്ടർ സുഹൈൽ ഗഫൂർ, കോച്ചുകളായ മൊഹീദ് അമാൻ, മുഹമ്മദ് അജ്മൽ, ടീം അംഗങ്ങളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മൂന്നു ദിവസാണ് മത്സരം. 17ന് കേരളത്തിലേക്ക് തിരിക്കും.

Advertisement
Advertisement