വാഴകളെ കുഴപ്പത്തിലാക്കും, കുഴിപ്പുള്ളി രോഗം
പാലക്കാട്: വാഴകളിൽ കുഴിപ്പുള്ളി രോഗം ബാധിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ ജാഗ്രത മുന്നറിയിപ്പുമായി കാർഷിക സർവകലാശാല. ടിഷ്യൂ കൾചർ വാഴത്തൈകളിൽ ഇലകളിലും ഇളം തണ്ടുകളിലും ദീർഘവൃത്താകൃതിയിലുള്ള തവിട്ട് പുള്ളികൾ കാണപ്പെടുന്നതാണ് രോഗലക്ഷണം. ജില്ലയിൽ ഓണവിപണി ലക്ഷ്യമാക്കിയുള്ള നേന്ത്രവാഴ കൃഷിയിൽ കുലവരുന്ന സമയമാണിത്. വർഷക്കാലത്ത് കായ മൂപ്പെത്തുന്നതോടെയാണ് രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുള്ള തവിട്ടുപുള്ളികൾ രൂപപ്പെടുന്നു. തുടർന്ന് അവ എകദേശം അര സെന്റിമീറ്റർ വലുപ്പമുള്ള കുഴികളായി മാറും. ഇവയ്ക്ക് ചുറ്റും പർപ്പിൾ വലയങ്ങൾ കാണാം. രോഗം മൂർഛിക്കുന്നതോടെ ഇത്തരം കുഴികൾ ചേർന്ന് വാഴപ്പഴത്തിന്റെ തൊലി കരിഞ്ഞുപോകും.
കുലയ്ക്ക് വിപണിമൂല്യം കുറയും
കുമിൾബാധ മൂലമുള്ള പുള്ളിക്കുത്തുകളും കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കും. മൂപ്പ് കൂടിയ കുല തോട്ടത്തിൽ നിർത്തുകയാണെങ്കിൽ ഈച്ചകൾ കായ്കളിൽ മുട്ട ഇടുകയും ഇവ വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ കാമ്പിനുളളിൽ വളരുകയും ചെയ്യും. ഇത്തരം പഴങ്ങൾ ഭഷ്യയോഗ്യമല്ലാതായിത്തീരും. രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നതെങ്കിലും ടിഷ്യൂ കൾച്ചർ വാഴത്തൈകൾ, വാഴപ്പോള, ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളിലും കുമിൾ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
പൈറിക്കുലേറിയ എന്ന കുമിളിന്റെ ഗണത്തിളപ്പെട്ട പൈറിക്കുലേറിയ അംഗുലേറ്റയാണ് രോഗത്തിന് കാരണം.
നേന്ത്രൻ, ഗ്രാൻഡ് നെയ്ൻ, പൂവൻ (രസ്താളി), ഞാലിപ്പൂവൻ (നെയ്പ്പൂവൻ) ഇനങ്ങളെയാണ് ഇതു ബാധിക്കുന്നത്.
രോഗം ബാധിച്ച കായ്കളിൽ നിന്ന് കുമിളിന്റെ വിത്തുകൾ വായുവിലേക്ക് വ്യാപിച്ച് രോഗം മറ്റ് വാഴകളിലേക്കും പടരും.
കുഴിപ്പുള്ളി രോഗത്തിന് അനുയോജ്യമായ കാലാവസ്ഥയാണ് ജൂൺ മുതൽ സെപ്തംബർ വരെ.
നിയന്ത്രണ മാർഗങ്ങൾ
ഉണങ്ങിയ ഇലകൾ മുറിച്ചുമാറ്റി തോട്ടം വൃത്തിയായി സൂക്ഷിക്കുക.
ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് കുലകൾ പൊതിയരുത്. പകരം പോളിഎത്തിലീൻ കവർ/പ്ലാസ്റ്റിക് ചാക്ക് ഉപയോഗിക്കുക.
കായ്കളിലെ രോഗബാധയ്ക്ക് രോഗാരംഭത്തിൽ തന്നെ സമ്പർക്ക കുമിൾ നാശിനികളായ മാങ്കോസെമ്പ് അല്ലെങ്കിൽ കോപ്പർ ഓക്സിക്‌ളോറൈഡ് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ, കാർബെന്റാസിം 1 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ തളിച്ചുകൊടുക്കാം.