സ്വർണ വ്യാപാരത്തിലെ ഇ-വേബിൽ: വ്യാപാരികളുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് ധനമന്ത്രി

Friday 14 June 2024 12:52 AM IST

തിരുവനന്തപുരം: സ്വർണ വ്യാപാരികളുടെ നിർദേശങ്ങളും ആശങ്കകളും അനുഭാവപൂർവം പരിഗണിച്ച് മാത്രമേ ഇ-വേ ബിൽ നടപ്പാക്കുകയുള്ളൂവെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്വർണ വ്യാപാര രംഗത്തെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

വ്യാപാര ആവശ്യങ്ങൾക്കായി കൊണ്ടുപോകുന്ന സ്വർണത്തിന് മാത്രമേ ഇ-വേ ബിൽ ഏർപ്പെടുത്തുകയുള്ളൂവെന്നും ഉപഭോക്താക്കൾ ഒരുതരത്തിലും ഇതിന്റെ പരിധിയിൽ വരില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇ-വേബിൽ ഏർപ്പെടുത്തുമ്പോൾ പേപ്പർ വർക്കുകൾക്ക് പുറമേ പുതിയ അധിക ഇൻവോയ്സുകളും ചെലവുകളും വ്യാപാരികൾക്കുണ്ടാകും. സ്വർണം കടകളിൽ എത്താനുള്ള താമസവും മോഷണ സാദ്ധ്യതയും വ്യാപാരികൾക്ക് ആശങ്ക സൃഷ്‌ടിക്കുന്നു.

ജി.എസ്.ടി.വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ, വൈസ് പ്രസിഡന്റ് രത്നകലാ രത്നാകരൻ, സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ,കെ.ജി.എസ്. ഡി.എ പ്രസിഡന്റ് ഷാജു ചിറയത്ത്, ട്രഷറർ സുനിൽദേവസ്യ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement