ഇന്ത്യയൊട്ടാകെ പടർന്ന് പന്തലിക്കാൻ സബൈൻ ഹോസ്പിറ്റൽസ്

Friday 14 June 2024 12:56 AM IST

സി.എക്‌സ് പാർട്ട്ണേഴ്സിന്റെ 420 കോടി രൂപയുടെ നിക്ഷേപം കരുത്താകും

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ

ദേശീയ തലത്തിൽ പ്രവർത്തനം വിപുലപ്പെടുത്തുന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കാസർകോഡ്, കോഴിക്കോട് എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ പുതിയ ആശുപത്രികൾ ആരംഭിക്കും. തുടർന്ന് തമിഴ്നാട്ടിലെ മൂന്ന് നഗരങ്ങളിലും മൈസുരു, ബംഗളുരു, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. സബൈൻ ശിവദാസൻ പറഞ്ഞു, പ്രമുഖ സ്വകാര്യ നിക്ഷേപ ഗ്രൂപ്പായ സി. എക്സ് പാർട്ട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം നടത്തിയ അഞ്ച് കോടി ഡോളറിന്റെ(420 കോടി രൂപ) മൂലധന നിക്ഷേപം ഉപയോഗപ്പെടുത്തിയാണ് വികസന പദ്ധതി നടപ്പാക്കുന്നത്. ഹീറോ എന്റർപ്രൈസസ് ചെയർമാൻ സുനിൽകാന്ത് മുഞ്ജാൾ, ജെ. കെ ടയേഴ്സിന്റെ ഉടമകളായ സിംഘാനിയ കുടുംബം, എന്നിവരോടൊപ്പം ധനകാര്യ നിക്ഷേപ സ്ഥാപനങ്ങളും കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. സബൈൻ ഹോസ്‌പിറ്റൽസിന്റെ മൂല്യം 850 കോടി രൂപയെന്ന് കണക്കിലെടുത്താണ് 51.8 ശതമാനം ഓഹരികൾ വാങ്ങിയത്.

സബൈൻ ഹോസ്പിറ്റൽസ്

തിരുവനന്തപുരം പേട്ട സ്വദേശിയായ ഡോ. സബൈൻ ശിവദാസന്റെ നേതൃത്വത്തിൽ 2010ൽ ആരംഭിച്ച സബൈൻ ഹോസ്പിറ്റൽ ഐ.വി.എഫ്, ഗർഭധാരണ ചികിത്സകൾ, പ്രസവം, നവജാതശിശു പരിചരണം, സ്ത്രീകൾക്കുള്ള ചികിത്സകൾ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. പ്രതിവർഷം 6,000ത്തിലധികം ഐവിഎഫ് ചികിത്സകളും 3,000ലധികം പ്രസവങ്ങളും നടത്തുന്ന സബൈൻ ഹോസ്പിറ്റലിൽ കേരളത്തിന് പുറമേ മാലദ്വീപ്, ഒമാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളും എത്താറുണ്ട്. തിരുവനന്തപുരത്ത് ആറ്റുകാൽ ഹോസ്പിറ്റലിലെ മാതൃ, ശിശു പരിചരണ വിഭാഗത്തിന്റെ നടത്തിപ്പും സബൈനാണ്. നിക്ഷേപത്തിന് ശേഷവും ആശുപത്രിയുടെ നടത്തിപ്പ് ചുമതല ഡോ. സബൈൻ ശിവദാസനും ഭാര്യ ഡോ. സ്മിത സബൈനുമായിരിക്കും.

Advertisement
Advertisement