ഓച്ചിറക്കളിയിൽ വീറോടെ പടവെട്ടാൻ 549 സംഘങ്ങൾ

Friday 14 June 2024 1:22 AM IST

ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിലെ അനുഷ്ഠാന കലയായ ഓച്ചിറക്കളി ഇത്തവണ കൂടുതൽ കൊഴുക്കും. കഴിഞ്ഞവർഷം 480 സംഘങ്ങളുണ്ടായിരുന്നിടത്ത് ഈ വർഷം ഇതുവരെ 549 സംഘങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. കൂടുതൽ സംഘങ്ങൾ ഇറങ്ങുന്നതോടെ പോർവിളിയും വായ്ത്താരിയും പ്രതീകാത്മക പടവെട്ടുമായി ഓച്ചിറ പടനിലം ഇളകിമറിയും. മിഥുനം ഒന്ന്, രണ്ട് തീയതികളിലാണ് ഓച്ചിറ പടനിലത്ത് ഓച്ചിറക്കളി അരങ്ങേറുന്നത്.

ഓരോ ഓച്ചിറ കളി സംഘത്തിലും പത്തുപേർ വരെയുണ്ടാകും. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തോടെ കളരി ആശാന്മാരുടെ ശിക്ഷണത്തിൽ 18 അടവുകളും പഠിച്ചാണ് എത്തുന്നത്. മൂന്ന് മുതൽ തൊണ്ണൂറ് വയസ് വരെയുള്ളവർ പങ്കെടുക്കും. തടിയിലും അലകിലും നിർമ്മിച്ച വാളും തടിയിൽ തന്നെ നിർമ്മിച്ച പരിചയുമാണ് കളിക്ക് യോദ്ധാക്കൾ ഉപയോഗിക്കുന്നത്. പ്രത്യേക വായ്ത്താരികൾ മുഴക്കിയാണ് യോദ്ധാക്കൾ അടവുകൾ പ്രദർശിപ്പിക്കുന്നത്. ക്ഷേത്ര അവകാശികളായ കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായുള്ള 52 കരക്കാരാണ് പങ്കെടുക്കുന്നത്.

ഇത്തവണ കൂടുതൽ കൊഴുക്കും

 ഉച്ചനേരത്താണ് ഓച്ചിറക്കളി അരങ്ങേറുന്നത്

 തകിടി കണ്ടത്തിന്റെ കിഴക്കും പടിഞ്ഞാറും കരകളിൽ അണിനിരക്കുന്ന കളി സംഘങ്ങൾ തങ്ങൾ അഭ്യസിച്ച ആയോധനകലകൾ പ്രകടിപ്പിക്കും

 ക്ഷേത്രഭരണസമിതി വിതരണം ചെയ്യുന്ന പ്രത്യേക നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാകും അഭ്യാസം

 ആദ്യം ഇവർ ഇരുകരകളിലും തങ്ങൾ അഭ്യസിച്ച ചുവടുകളും അടവുകളും അവതരിപ്പിക്കും

 തുടർന്ന് തകിടി കണ്ടത്തിലിറങ്ങി വെട്ടും തടയും പ്രദർശനം കാഴ്ചവയ്ക്കും

 ഇതിനിടയിൽ പാഞ്ചാരിമേളവും പഞ്ചവാദ്യവും ചെണ്ടമേളവും കരയിൽ കൊട്ടിക്കയറും

Advertisement
Advertisement