കോള് കൊയ്യേണ്ട കാലത്ത് വള്ളക്കാരുടെ കീശ കാലി

Friday 14 June 2024 1:25 AM IST

കൊല്ലം: ട്രോളിംഗ് നിരോധന കാലത്ത് കോള് കൊയ്തിരുന്ന വള്ളക്കാർക്കും ഫൈബർ ബോട്ടുകാർക്കും ഇത്തവണ വൻ നിരാശ. മുൻ വർഷങ്ങളിൽ ഇതേ സീസണിൽ വല നിറയെ മീൻ കിട്ടിയിരുന്നിടത്ത് ഇപ്പോൾ രണ്ടോ മൂന്നോ കുട്ട മീൻ മാത്രമാണ് ലഭിക്കുന്നത്.

ന്യൂനമർദ്ദത്തിന്റെ തുടർച്ചയായുള്ള കടലിലെ കുത്തൊഴുക്കും കാലവർഷം ശക്തിപ്രാപിച്ച് മഴവെള്ളമെത്തി കടൽ തണുക്കാത്തുമാണ് ഇപ്പോഴത്തെ പ്രശ്നം. കുത്തൊഴുക്ക് കാരണം വള്ളത്തെവലിച്ചുകൊണ്ടു വല പോവുകയാണ്. അതുകൊണ്ട് തന്നെ വല ചുരുണ്ടുകൂടി കാര്യമായി മീൻ കയറുന്നുമില്ല. പാറകളിൽ കുരുങ്ങി വല വ്യാപകമായി നശിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ അയലയും ചൂരയും പിടിക്കുന്ന യെച്ചം വലകൾ ഉപയോഗിക്കാനാവാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

മഴവെള്ളമെത്തി തണുക്കാത്തതിനാൽ മത്സ്യക്കൂട്ടങ്ങൾ തീരക്കടലിലേക്ക് എത്തുന്നുമില്ല. മത്സ്യം കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ മാത്രമല്ല അനുബന്ധ തൊഴിലാളികളെയും ചില്ലറ കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കൊല്ലം വിട്ട് നെയ്ച്ചാള

 കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ നെയ്ച്ചാള കിട്ടാനാല്ല

 നെയ്ച്ചാള ആലപ്പുഴ, എറുണാകുളം ഭാഗത്തേക്ക് പോയെന്ന് വള്ളക്കാർ

 അവിടെ വരെ പോയി പിടിക്കുമ്പോൾ മണ്ണെണ്ണയ്ക്ക് മാത്രം 7500 രൂപ ചെലവാകും

 കുറഞ്ഞത് ആറ് കുട്ടയെങ്കിലും ലഭിച്ചാലേ പണിക്കൂലി മുതലാകൂ

 ലഭിക്കുന്നത് രണ്ടോ മൂന്നോ കുട്ട മാത്രം

നേരത്തെ കിട്ടിയിരുന്നത്

 ചാള  അയല  ചൂര  കൊഞ്ച്  കണവ  പാര  താട  കാരൽ  മത്തി  ചെങ്കലവ

ഇപ്പോൾ കിട്ടുന്നത്

 ചാള  മാന്തൽ  ഞണ്ട്  ഉലുവാച്ചി

പൊള്ളിച്ച് മീൻ വില

മീൻ ലഭ്യത കുറഞ്ഞതും ട്രോളിംഗ് നിരോധനവും മീൻ വില ഉയർത്തി. പോർട്ട് കൊല്ലം ഹാർബറിൽ ഒരു കിലോ മത്തിയുടെ വില ഇന്നലെ 300 മുതൽ 340 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനത്തിന് മുമ്പ് 200 രൂപയായിരുന്നു. നേരത്തെ 100 മുതൽ 150 വരെ ശരാശരി വില ഉണ്ടായിരുന്ന ഒരു കിലോ അയലയുടെ വില 330 മുതൽ 350 വരെയെത്തി. ഒരു കിലോ പൊള്ളൽ ചൂരയ്ക്ക് 280 രൂപ വരെയാണ് വില. രണ്ട് വലിയ പാരയും പന്ത്രണ്ട് ചെറിയ പാരയും 1300 രൂപയ്ക്കാണ് ലേലം ചെയ്തത്. ട്രോളിംഗ് നിരോധനത്തിന് മുമ്പ് 150 രൂപ വിലയായിരുന്ന ഒരു കിലോ മാന്തളിന് വില 300 വരെ ഉയർന്നു. രാവിലെ 5 മുതലാണ് ഹാർബറുകളിൽ ലേലം വിളി ആരംഭിക്കുന്നത്.

Advertisement
Advertisement