സി.പി.എം പിന്തുണയോടെ രാമങ്കരിപഞ്ചായത്ത് പിടിച്ച് കോൺഗ്രസ്

Friday 14 June 2024 1:33 AM IST

ആലപ്പുഴ : 27 വർഷമായി സി.പി.എം കുത്തകയാക്കിയിരുന്ന രാമങ്കരി ഗ്രാമപഞ്ചായത്ത് ഭരണം, സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ കോൺഗ്രസ് പിടിച്ചെടുത്തു. സി.പി.എമ്മിലെ വിഭാഗീയതയാണ് ഭരണം നഷ്ടപ്പെടുത്തിയത്.

ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നാലിനെതിരെ എട്ടു വോട്ടുകൾ നേടിയാണ് കോൺഗ്രസിലെ ആർ.രാജുമോൻ പ്രസിഡന്റായും ഷീന റെജപ്പൻ വൈസ് പ്രസിഡന്റായും വിജയിച്ചത്.

നാല് സി.പി.എം അംഗങ്ങളാണ് കോൺഗ്രസിനെ പിന്തുണച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാമങ്കരി പഞ്ചായത്ത് ഭരണം കൂടി നഷ്ടമായത് ജില്ലയിൽ സി.പി.എമ്മിന് കനത്ത ആഘാതമായി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആർ.രാജുമോനും സി.പി.എമ്മിൽ നിന്ന് സജീവ് ഉതുന്തറയുമായിരുന്നു സ്ഥാനാർത്ഥികൾ. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷീന റെജപ്പനും സി.പി.എമ്മിലെ രമ്യാ ഹരിദാസുമാണ് മത്സരിച്ചത്.

കഴിഞ്ഞമാസം 14ന് യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ നാല് സി.പി.എം അംഗങ്ങൾ പിന്തുണച്ചതോടെയാണ് സി.പി.എമ്മുകാരായ പ്രസിഡന്റ് ആർ.രാജേന്ദ്രകുമാറും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസും പുറത്തായത്. അന്ന് യു.ഡി.എഫിനെ പിന്തുണച്ച സി.പി.എം അംഗങ്ങളാണ് ഇന്നലെയും കോൺഗ്രസിന് അനുകൂലമായി വോട്ടുചെയ്തത്.

പ്രസിഡന്റ് പദവിയിൽ നിന്ന് പുറത്തായതിനു പിന്നാലെ രാജേന്ദ്രകുമാർ പഞ്ചായത്തംഗത്വം രാജിവച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. നിലവിൽ 12 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫിന് 8ഉം (എല്ലാവരും സി.പി.എം) യു.ഡി.എഫിന് 4ഉം അംഗങ്ങളാണുള്ളത്. രാജേന്ദ്രകുമാർ രാജിവച്ച 13ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കും.

സി.പി.എം ജില്ലാ സമ്മേളനത്തോടെയാണ് കുട്ടനാട്ടിൽ വിഭാഗീയത രൂക്ഷമായത്. ആഗസ്റ്റിൽ രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങൾ, 19ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡി.വൈ.എഫ്.ഐ നേതാക്കൾ ഉൾപ്പെടെ 300ഓളം പേർ സി.പി.ഐയിൽ ചേർന്നിരുന്നു.

തിരഞ്ഞെടുപ്പിനു മുമ്പ് അംഗങ്ങൾക്ക് സി.പി.എം വിപ്പ് നൽകിയെന്ന് പ്രചരിപ്പിച്ചെങ്കിലും നൽകിയിരുന്നില്ലെന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സജീവ് ഉതുന്തറ പറഞ്ഞു. വിപ്പിന്റെ പകർപ്പ് നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും വ്യക്തമാക്കി.

Advertisement
Advertisement