മിലാൻ കപ്പ് ഇന്ത്യയിലേക്കെത്തിക്കാൻ തിരൂരിൽ നിന്ന് ലെമിൻ ജയ്സലും

Friday 14 June 2024 1:45 AM IST

തിരൂര്‍: എ.സി മിലാന്‍ ഫുട്‌ബാള്‍ ക്ലബ് സംഘടിപ്പിക്കുന്ന മിലാന്‍ കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ ഒരുങ്ങുന്ന ടീമില്‍ ഇടം നേടി തിരൂര്‍ വെട്ടം സ്വദേശി ലെമിന്‍ ജയ്‌സല്‍. അണ്ടര്‍ 11 വിഭാഗത്തില്‍ ഇറ്റലിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍ നിന്ന് പത്ത് കളിക്കാരാണ് പങ്കെടുക്കുന്നത്.

ഇന്നലെ ആരംഭിച്ച ടൂര്‍ണമെന്റ് പതിനാറിന് അവസാനിക്കും. ഇന്റര്‍നാഷണല്‍ അക്കാദമി ടൂര്‍ണമെന്റായ മിലാന്‍ കപ്പില്‍ ലോകത്തെ നൂറില്‍പരം എ.സി മിലാന്‍ അക്കാദമികളില്‍ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള സംഘത്തിലാണ് തിരൂര്‍ മൈ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും വെട്ടം ജൈസല്‍ - ഷഹനാ ദമ്പതികളുടെ മകനുമായ ലെമിന്‍ ജയ്‌സല്‍ ഇടം നേടിയത്.

എ.സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലാക്കണ്ടേലയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. തിരൂരിൽ നടന്ന എ.സി മിലാന്‍ അക്കാദമിയുടെ ക്യാമ്പില്‍ നിന്നാണ് ലെമിന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബുധനാഴ്ച ഇറ്റലിയിലേക്ക് തിരിച്ച സംഘം മത്സരങ്ങള്‍ക്ക് ശേഷം ഈ മാസം 17ന് മടങ്ങിയെത്തും.

Advertisement
Advertisement