സമാജ്‌വാദി ലയനം : ജെ.ഡി.എസ് കമ്മിറ്റിയിൽ ചർച്ചയാവും

Friday 14 June 2024 2:33 AM IST

തിരുവനന്തപുരം: ജെ.ഡി.എസ് കേരളഘടകം സമാജ്‌വാദി പാർട്ടിയിൽ ലയിക്കുന്നത് സംബന്ധിച്ച് ഈ മാസം 18ന് ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യും.

ജെ.ഡി.എസ് നേതാവ് കുമാരസ്വാമി കേന്ദ്രമന്ത്രിസഭയിൽ അംഗമായതോടെയാണ് സംസ്ഥാന ഘടകം വേറൊരു പാർട്ടി രൂപീകരിക്കാനുള്ള ചർച്ചകൾക്ക് വേഗം കൂട്ടുന്നത്. ലയനം സംബന്ധിച്ച് ഔപചാരികമായി സമാജ്‌വാദിയുമായി ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് മുൻമന്ത്രിയും പാർട്ടി നേതാവുമായ ജോസ് തെറ്റയിൽ വ്യക്തമാക്കി.

സമാജ്‌വാദിക്ക് പുറമേ ആർ.ജെ.ഡിയുമായുള്ള ലയനം തെറ്റയിലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരണം എന്നിവയും ആലോചനയിലുണ്ട്. മൂന്ന് നിർദ്ദേശങ്ങളും സംസ്ഥാന കമ്മിറ്റി അന്ന് പരിഗണിക്കും. പുറമേ ചെറുകക്ഷികളുടെ സ്വാധീനം ഉപയോഗപ്പെടുത്തി വിപുലമായ രാഷ്ട്രീയാടിത്തറയുള്ള പാർട്ടി രൂപീകരണവും പരിഗണനയിലുണ്ട്. പ്രജ്ജ്വൽ രേവണ്ണ പ്രതിയായ സ്ത്രീപീഡന വിവാദത്തിന് പുറമേ പാർട്ടി ദേശീയ നേതൃത്വത്തിന്റെ കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യവും സംസ്ഥാനത്തെ പ്രധാന നേതാക്കളിലും പ്രവർത്തകരിലും അമർഷം സൃഷ്ടിച്ചിട്ടുണ്ട്.

കേരള ഘടകം എത്രയും പെട്ടെന്ന് രാഷ്ട്രീയ നിലപാടിലേക്ക് എത്തണമെന്നും ഈ നില തുടരാനാവില്ലെന്നുമാണ് ജില്ലാ ഭാരവാഹികളടക്കം ആവശ്യപ്പെടുന്നത്. പുതിയ പാർട്ടി രൂപീകരണവും ലയനവും നടന്നാലും നിലവിൽ മന്ത്രി കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസ് എം.എൽ.എയ്ക്കും അതിൽ അംഗത്വമെടുക്കാനാവില്ലെന്ന പരിമിതിയുമുണ്ട്. ഇതുകൊണ്ട് തന്നെ ചർച്ചകൾക്ക് വേഗം കുറയുന്നുവെന്ന് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നു.

മന്ത്രിസ്ഥാന വാദം മുറുക്കി ആർ.ജെ.ഡി

എൽ.ഡി.എഫിലെ മറ്റൊരു ജനതാദൾ വിഭാഗമായ ആർ.ജെ.ഡി മന്ത്രിസ്ഥാനത്തിനായുള്ള വാദം മുറുക്കുകയാണ്. മുന്നണിയിലെ ഘടകകക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം ലഭിച്ചിട്ടും തങ്ങൾക്ക് അവഗണനയെന്നാണ് വാദം.

Advertisement
Advertisement