തിരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യും: യെച്ചൂരി

Friday 14 June 2024 2:41 AM IST

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി ഗൗരവമായി ചർച്ച ചെയ്യുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 16ന് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയേറ്റും ചേർന്ന് തോൽവി വിലയിരുത്തും. 28ന് ചേരുന്ന കേന്ദ്രകമ്മിറ്റിയിലും തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യാ മുന്നണിക്ക് ശക്തമായ പ്രതിപക്ഷമായി അണിനിരക്കാനാകും. മൂന്നാം മോദി സർക്കാർ സ്ഥിരതയുള്ള സർക്കാരല്ല. രണ്ട് സർക്കാരുകളേക്കാൾ പ്രതിസന്ധിയിലാണ് ഈ സർക്കാരിന്റെ രൂപീകരണം. സാഹചര്യം മാറിയെന്ന് മോദി മനസിലാക്കിയിട്ടില്ല,വൈകാതെ അത് തിരിച്ചറിയും. കുവൈറ്റിൽ മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.