കുവൈറ്റ് ദുരന്തം; മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തുക പത്ത് മണിക്ക് ശേഷം, മന്ത്രിമാർ വിമാനത്താവളത്തിൽ

Friday 14 June 2024 8:21 AM IST

കൊച്ചി: കുവൈറ്റ് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്‌തെന്ന് മന്ത്രി കെ രാജൻ. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും അന്തിമോപചാരം അർപ്പിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ, വീണ ജോർജ് അടക്കമുള്ളവർ വിമാനത്താവളത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും.

"45 ഇന്ത്യക്കാരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. വിവരമറിഞ്ഞ സമയം തൊട്ട് രാജ്യത്തെ സർക്കാരും, സംസ്ഥാന സർക്കാരും വളരെ കാര്യക്ഷമമായി കാര്യങ്ങളിൽ ഇടപെട്ടു. ഇന്നലത്തന്നെ പ്രത്യേക ക്യാബിനറ്റ് യോഗം ചേർന്നു. ഈ നടപടികൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ അപ്പോൾ തന്നെ ആരംഭിച്ചതാണ്.

മൃതദേഹങ്ങളുമായി വരുന്ന വിമാനം എട്ടരയ്ക്ക് ഇവിടെ എത്തിച്ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇന്ത്യൻ സമയം 6.20നാണ് കാർഗോ വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്ത് മണിക്ക് ശേഷമായിരിക്കും വിമാനം എത്തുകയെന്നാണ് പുതിയ വിവരം. മൃതദേഹങ്ങൾ വീടുകളിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകഴിഞ്ഞു.

മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്രം നേരത്തെ തീരുമാനിച്ചത്. ഇന്നലെ മന്ത്രിസഭ യോഗത്തിൽ ആലോചിച്ച്, മലയാളികളുടെ മൃതദേഹങ്ങൾ കേരളത്തിലെത്തക്കണമെന്ന് ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഇവിടെ ഇറക്കുക. ബാക്കി 14 മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോകും. 31 പേരെയും പൊതുദർശനത്തിന് വയ്ക്കാനാവശ്യമായ സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. 31 ആംബുലൻസുകളും തയ്യാറാക്കി."- മന്ത്രി പറഞ്ഞു.

Advertisement
Advertisement