മന്ദാകിനി അമ്മ

Sunday 16 June 2024 3:00 AM IST
saritha kukku

അൽത്താഫ് സലിമും അനാർക്കലി മരിക്കാറും നായകനും നായികയുമായി എത്തിയ വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി സിനിമയിലെ തന്റേടിയായ രാജലക്ഷ്മി എന്ന വീട്ടമ്മയെ പ്രേക്ഷകർ സ്വീകരിച്ചതിന്റെ ആഹ്ളാദത്തിലാണ് സരിത കുക്കു. ഇതു പുതിയ നടിയാണോ എന്ന് ചോദിച്ചവരുണ്ട്. അക്കാദമിക് സിനിമയിൽ കണ്ടിട്ടുണ്ട് എന്ന പറഞ്ഞവരുണ്ട്.ഇതെല്ലാം കേട്ട് സരിത കുക്കു ചിരിച്ചു.പാപ്പിലിയോ ബുദ്ധ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ സരിതയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. ഒരൊറ്റ പെഗ് വലിച്ചു കുടിക്കുന്ന, ആണിന്റെ നെഞ്ചിൽ ചവിട്ടാൻ, ജീപ്പ് വേഗത്തിൽ പായിക്കുന്ന രാജലക്ഷ്മി സമീപകാല സിനിമകളിലെ വേറിട്ടതും ശക്തവുമായ സ്ത്രീ കഥാപാത്രമായിരുന്നു.സരിത കുക്കു സംസാരിക്കുന്നു.

വണ്ണം കൂട്ടി

ഇയോബിന്റെ പുസ്തകത്തിലും വെയിൽ മരങ്ങളിലും ചെറിയ കുട്ടികളുടെ അമ്മ വേഷം ചെയ്തിട്ടുണ്ട്. പതിവ് അമ്മ വേഷത്തെ ബ്രേക്ക് ചെയ്യണമെന്നാഗ്രഹം ഉണ്ടായിരുന്നു. എന്റെ രൂപത്തിൽ തന്നെ ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നേക്കാൾ ഒരുപാട് പ്രായം ചെന്നതാണ് കഥാപാത്രം. അൽത്താഫിന്റെ അമ്മ എന്ന് കാഴ്ചയിൽ തോന്നുകയും വേണം. എറ്റവും അവസാനമാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്. ലുക്ക് ടെസ്റ്റ് ഉണ്ടായിരുന്നു.ര ണ്ടാഴ്ച കൊണ്ട് കൂട്ടിയ ശരീര ഭാരം ആറു കിലോയാണ്. അവസാനം ഡ്രസുകൾ ചേരാത്തതായി വന്നു. മന്ദാകിനിയുടെ ഭാഗമായത് മുതൽ ദിവസവും സ്ക്രിപ്ട് വായിച്ചു. കഥാപാത്രത്തെപ്പറ്റി പഠിക്കാൻ ശ്രമിച്ചു.രാജലക്ഷ്മിയുടെ നോട്ടത്തിൽ പോലും മാറ്രം കൊണ്ടു വരാൻ ശ്രദ്ധിച്ചിട്ടുണ്ട്. സുഹൃത്തുമായി ചേർന്ന് ക്യാരക്ടർ ഗ്രാഫ് ഉണ്ടാക്കി ഒരു ധാരണയിൽ എത്തി. ദേഷ്യത്തെ മാറ്റി രസകരമാകേണ്ട സീനുകളുണ്ടായിരുന്നു. പലപ്പോഴും രാത്രിയിലും ചിത്രീകരണം. എല്ലാം ആസ്വദിച്ചു.വാഹനം ഒാടിക്കാൻ അറിയാമായിരുന്നു. ഒരുദിവസം കൊണ്ട് ജീപ്പ് ഒാടിക്കാൻ പഠിച്ചു.

സിനിമ ഇങ്ങോട്ട്

എപ്പോഴും സിനിമ ഇങ്ങോട്ടു വരുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ ഷോർട്ട് ഫിലിമിലാണ് ആദ്യമായി അഭിനയിക്കുന്നത്. ജയൻ ചെറിയാൻ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചർ സിനിമയായ പാപ്പിലിയോ ബുദ്ധയിൽ മഞ്ജുശ്രീ എന്ന പ്രധാന കഥാപാത്രത്തിലേക്ക് അവസാന നിമിഷമാണ് എത്തുന്നത്. എല്ലാ നല്ല അവസരങ്ങൾക്ക് പിന്നിലും ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു. ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചപ്പോഴാണ് ഇയോബിന്റെ പുസ്തകത്തിലേക്ക് വിളിക്കുന്നത്. പിന്നാലെ റാണിപദ്‌മിനി, കാറ്റ്, ആഭാസം, വൃത്തികൃതിയിലുള്ള ചതുരം തുടങ്ങി 26 ലധികം സിനിമകളിൽ അഭിനയിച്ചു.

നാടകം കരുത്ത്

സിനിമയിൽ അഭിനയിക്കുമ്പോഴും നാടകം ആണ് ഏറെ പ്രിയം. പയ്യന്നൂർ കോളേജിൽ ബോട്ടണി ആണ് പഠിച്ചതെങ്കിലും കലാപ്രവർത്തനത്തിലായിരുന്നു മുമ്പിൽ.നിറമില്ലെന്ന കാരണം കൊണ്ട് അഭിനയിക്കാൻ കഴിയില്ലെന്ന് കുട്ടിക്കാലത്ത് ധരിച്ചു.നാടകത്തിലൂടെ തന്നെ അതിനെ ഭേദിച്ചു.തൃശൂരിലെ ജീവിതം ആണ് എന്നിലെ നടിയെ പരിപോഷിപ്പിച്ചത്. ദീപൻ ശിവരാമൻ ഉൾപ്പെടെയുള്ളവരുടെ അമച്വർ നാടകങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു.രണ്ടുതവണ മികച്ചനടി എന്ന അംഗീകാരം ലഭി ച്ചു. നാടകം തുടരുക തന്നെ ചെയ്യും. സിനിമയിൽ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആനന്ദ് ശ്രീബാല ആണ് പുതിയ ചിത്രം. സരിത എന്നാണ് യഥാ‌ർത്ഥ പേര്. വീട്ടിൽ വിളിക്കുന്ന പേരാണ് കുക്കു. സരിതയെ നാട്ടിൽ ഉള്ളവർക്ക് അറിയില്ല. കുക്കുവിനെ അറിയൂ. സുഹൃത്തുക്കളാരോ സരിത കുക്കു എന്ന് വിളിക്കാൻ തുടങ്ങി . സിനിമയിലും ആ പേരിൽ അറിയപ്പെടുന്നു. കരിവള്ളൂര് ആണ് നാട്.

Advertisement
Advertisement