ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

Friday 14 June 2024 11:31 AM IST

ആലപ്പുഴ: ചെങ്ങന്നൂർ ആലയിൽ സ്‌കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികൾ ഉടനെ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു.

മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തിയത്. ആല - കോടുകുളഞ്ഞി റോഡിൽ ആല ഗവൺമെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതരാണ്.

മുമ്പ് തമിഴ്‌‌നാട്ടിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. തമിഴ്നാട് ആരക്കോണത്തെ ഭാരതി ദാസൻ സ്കൂളിലെ ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേന്തമംഗലം റെയിൽവേ ക്രോസിന് സമീപമായിരുന്നു അപകടം. ഷോർട്ട് സർക്ക്യൂട്ടാകാം അപകടകാരണം എന്നാണ് അന്ന് പൊലീസ് അറിയിച്ചത്.

വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രികൻ ബസ് ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി വിദ്യാർത്ഥികളെ പുറത്തിറക്കിതിനാൽ വൻ അപകടം ഒഴിവായി. ഇവർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. വാഹനത്തിന്റെ തീ പൂർണമായും അണച്ച് അതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തിയിരുന്നു.