അതീവ അപകടകരമായ പ്രതിഭാസം, കേരളത്തിൽ ഇപ്പോൾ നിരത്തുകളിൽ ഏറ്റവും കൂടുതൽ സംഭവിക്കുന്ന അപകടത്തെ കുറിച്ച് എംവിഡി

Friday 14 June 2024 11:39 AM IST

മഴക്കാലത്ത് റോഡിൽ സംഭവിച്ചേക്കാവുന്ന അത്യന്തം അപകടകരമായ ഹൈഡ്രോ പ്ലേനിംഗ് എന്ന പ്രതിഭാസത്തെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്ക് നഷ്ടമാകുകയും, തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലേനിംഗ് എന്ന് എംവിഡി വ്യക്തമാക്കുന്നു. അപകടം സംഭവിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുന്നറിയിപ്പും മോട്ടോർ വാഹനവകുപ്പും നൽകുന്നു.

എന്താണ് ഹൈഡ്രോപ്ലേനിംഗ്

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിംഗും സ്‌റ്റീയറിംഗ് ആക്ഷനുകളും എല്ലാം വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും അന്തിമമായി പ്രവർത്തന പഥത്തിലേക്കെത്തുന്നത് ടയറും റോഡും തമ്മിലുള്ള friction മൂലമാണ് (ഓർക്കുക മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിംഗ് ആക്ഷൻ മൂലം ടയറിന്റെ താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും എന്നാൽ ടയറിന്റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ട് തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും.

അങ്ങിനെ ടയറിന്റെയും റോഡിന്റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ് .

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിംഗിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും, വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഡ്രൈവർക്ക് നഷ്ടമാകുകയും ചെയ്യുകയും തന്മൂലം വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി മറിയുന്നത്തിനും ഇടയാക്കും. വാഹനത്തിന്റെ വേഗത വർദ്ധിക്കുന്നതോടു കൂടി ഹൈഡ്രോപ്ലേനിംഗ് സാദ്ധ്യതയും കൂടുന്നു.

മാത്രവുമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ spillway യുടെ കനം (groove) കുറയുന്നതോടെ പമ്പിംഗ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലേനിംഗ് സംഭവിക്കുന്നതിന് കാരണമാകും. ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോ പ്ലേനിംഗിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന ഘടകങ്ങൾ

ഹൈഡ്രോപ്ലേനിംഗിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.

വേഗത - വേഗത തന്നെയാണ് ഏറ്റവും പ്രധാന ഘടകം

ത്രെഡ് ഡിസൈൻ - ചില ത്രെഡ് ഡിസൈൻ ഹൈഡ്രോ പ്ലേനിംഗിന് സഹായകരമാകും.

ടയർ സൈസ് - സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോ പ്ലേനിംഗ് കുറക്കും.

എയർ പ്രഷർ - ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലേനിംഗിന് സാദ്ധ്യത കൂട്ടും.

വാഹനത്തിന്റെ തൂക്കം - തൂക്കം കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലേനിംഗ് കുറയും.

റോഡ് പ്രതലത്തിന്റെ സ്വഭാവം - മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലേനിംഗിനെ വർദ്ധിപ്പിക്കും..

നിയന്ത്രണം നഷ്ടമായാൽ

ഹൈഡ്രോ പ്ലേനിംഗ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ തന്നെ ആക്സിലറേറ്ററിൽ നിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിംഗും സ്റ്റിയറിംഗ് വെട്ടി തിരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ജലപാളി പ്രവർത്തനം (ഹൈഡ്രോ പ്ലേനിംഗ് ) തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗത കുറക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതക്ക് സാദ്ധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ് ), കൂടാതെ ജലം Spill wayക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾ തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂയിസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

Advertisement
Advertisement