റെയിൽവെ നൽകിയ 'സമ്മാനം' മലബാറുകാർക്ക് വേണ്ട, സർവീസ് വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായി, കാരണം

Friday 14 June 2024 4:42 PM IST

കോഴിക്കോട്: മലബാറുകാരുടെ യാത്ര ക്ലേശം പരിഹരിക്കാൻ സർവീസ് ആരംഭിച്ച ആദ്യത്തെ മെമു സർവീസ് നടത്തുന്നത് വിരലിൽ എണ്ണാവുന്ന യാത്രക്കാരുമായി. ഷൊർണൂർ- കണ്ണൂർ റൂട്ടിൽ 2021 മാർച്ച് മുതലാണ് മെമു സർവീസ് ആരംഭിച്ചത്. തുടക്കകാലത്ത് പുലർച്ചെ 4.30ന് ആണ് കാലി കോച്ചുമായി മെമു ഷൊർണൂരിൽ നിന്ന് യാത്ര തുടങ്ങുന്നത്. പിന്നീട് 5.09ന് ട്രെയിൻ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തുമ്പോഴാണ് കുറച്ച് യാത്രക്കാർ കയറുന്നത്.

തിരൂർ 5.28, പരപ്പനങ്ങാടി 5.44, കോഴിക്കോട് 6.32 എന്നിങ്ങനെയാണ് സമയക്രമം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന യാത്രക്കാർക്ക് മാത്രമാണ് മെമു സർവീസ് കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത്. ഇതോടെ ഷൊർണൂരിൽ നിന്നും പുറപ്പെടുന്ന സമയം വൈകിപ്പിക്കണമെന്നും സർവീസ് പുനസംഘടിപ്പിക്കണമെന്നുള്ള യാത്രക്കാരുടെ ആവശ്യത്തെത്തുടർന്ന് പുറപ്പെടുന്ന സമയം പുലർച്ചെ 5 മണിയിലേക്ക് മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യാത്രാ സമയം പുനക്രമീകരിച്ചത്.

നിലവിൽ രാവിലെ 5.33ന് കുറ്റിപ്പുറം, 5.42ന് തിരുനാവായ, 5.51ന് തിരൂർ, 5.59ന് താനൂർ, 6.07ന് പരപ്പനങ്ങാടി, 6.13ന് വള്ളിക്കുന്ന്, 6.19ന് കടലുണ്ടി എന്നിങ്ങനെയാണ് മെമു എത്തുന്നത്. കോഴിക്കോട് സ്‌റ്റേഷനെ കൂടാതെ തിരൂർ സ്‌റ്റേഷൻ മാത്രമാണ് ട്രെയിനിലേക്ക് മാന്യമായ എണ്ണം യാത്രക്കാരെ സംഭാവന ചെയ്യുന്നത്. ട്രെയിൻ ഷോർണൂരിൽ നിന്ന് രാവിലെ ആറ് മണിക്ക് യാത്ര ആരംഭിച്ചാൽ കൂടുതൽ യാത്രക്കാർക്ക് ഗുണകരമായേക്കും.

ഷൊർണൂരിൽ നിന്ന് രാവിലെ 5.40ന് പുറപ്പെടുന്ന മംഗളൂരു മെയിലും ആറിന് പുറപ്പെടുന്ന കണ്ണൂർ എക്സ്പ്രസും കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിഞ്ഞാണ് ഈ റൂട്ടിൽ അടുത്ത ട്രെയിനുള്ളത്. ഈ രണ്ട് ട്രെയിനുകൾക്ക് ശേഷം മെമു സർവീസ് നടത്തണമെന്നാണ് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നത്. സമയക്രമം മാറ്റിയാൽ 100 കണക്കിന് യാത്രക്കാർക്ക് ഗുണകരമായേക്കും. പത്ത് രൂപയാണ് മെമു സർവീസിലെ മിനിമം യാത്രാ നിരക്ക്. സമയക്രമത്തിൽ മാറ്റം വരുത്തിയാൽ ഓർഡിനറി സർവീസിന്റെ നിലവിലെ ടിക്കറ്റ് നിരക്കിൽ വളരെക്കുറച്ച് യാത്രക്കാരുമായി ഓടുന്ന നഷ്ടം റെയിൽവേക്ക് ഒഴിവാക്കാനാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

Advertisement
Advertisement