സിവിൽ സർവീസ് സ്വപ്‌നം കാണുന്നവർക്ക് താങ്ങായി കെഎസ്‌ആർടിസി, ഞായറാഴ്‌‌ച എല്ലാ പരീക്ഷാ കേന്ദ്രത്തിലേക്കും ബസ് റെഡി

Friday 14 June 2024 6:58 PM IST

കൊച്ചി: തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് ജില്ലകളിലെ 61 പരീക്ഷാ കേന്ദ്രങ്ങളിലായി 23666 വിദ്യാർഥികൾ പങ്കെടുക്കുന്ന സിവിൽ സർവീസ് പരീക്ഷയ്‌ക്ക് പ്രത്യേക സർവീസ് നടത്താൻ കെഎസ്‌ആർ‌ടിസി. ജൂൺ 16 ന് നടക്കുന്ന പരീക്ഷയ്‌ക്ക് പരീക്ഷാകേന്ദ്രങ്ങൾക്കനുസരിച്ച് ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള സ്‌പെഷ്യൽ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പെടുത്തിയിരിക്കുന്നത്.

തിരക്കനുസരിച്ച് എല്ലാ യൂണിറ്റുകളിൽ നിന്നും ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച രാവിലെയും ഉച്ച കഴിഞ്ഞും ആവശ്യമായ സ്‌പെഷ്യൽ സർവീസ് ട്രിപ്പുകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് നടത്തും. ഇതേ രീതിയിൽ പരീക്ഷ കഴിഞ്ഞ് എത്തുന്ന വിദ്യാർത്ഥികൾക്ക് തിരികെ പോകാനും മതിയായ ബസ് സർവീസ് നടത്തും. ഇതിനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രങ്ങളെ കൂടി കണക്ട് ചെയ്ത് സമയം ക്രമീകരിച്ച് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും.

ബസുകളിൽ ഡെസ്റ്റിനേഷൻ നമ്പറിംഗ് സിസ്റ്റം കെഎസ്‌ആർ‌ടി‌സി നടപ്പിലാക്കാൻ തീരുമാനിച്ചത് ഈയിടെയാണ്. ഭാഷാ തടസങ്ങൾ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനും സാർവത്രികമായി അംഗീകരിക്കപ്പെട്ട അക്കങ്ങൾ ഉൾപ്പെടുത്തിയ സ്ഥലനാമ ബോർഡുകളാണ് കെഎസ്ആർടിസി തയ്യാറാക്കുക.

ഡെസ്റ്റിനേഷൻ ബോർഡുകൾ വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കും ഭാഷ അറിയാത്ത യാത്രക്കാർക്കും, മറ്റ് യാത്രക്കാർക്കും ഡെസ്റ്റിനേഷൻ ബോർഡുകൾ വായിച്ച് മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നതിനും അന്തർ സംസ്ഥാന യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും വളരെ എളുപ്പത്തിൽ സ്ഥലനാമങ്ങൾ മനസ്സിലാക്കുവാൻ കഴിയുന്ന തരത്തിലും ഡെസ്റ്റിനേഷൻ ബോർഡുകളിൽ സ്ഥലനാമ നമ്പർ ഉൾപ്പെടുത്തുകയാണ്.

Advertisement
Advertisement