പറമ്പിക്കുളം ‌ഡാമിലെ പുതിയ ഷട്ടറുകളുടെ ട്രയൽ റൺ ഉടൻ

Saturday 15 June 2024 1:45 AM IST
പറമ്പിക്കുളം ഡാം

 നിർമ്മാണ പുരോഗതി വിലയിരുത്തി തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ

 2022 സെപ്തംബർ 21നു പുലർച്ചെ പറമ്പിക്കുളം അണക്കെട്ടിലെ മൂന്നു സ്പിൽവേ ഷട്ടറുകളിൽ നടുവിലെ ഷട്ടർ തകർന്നിരുന്നു.

 കാലപ്പഴക്കം മൂലം ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല പൊട്ടിയതാണ് തകർച്ചയ്ക്കു കാരണമായത്.

 തുടർന്ന് 7.2 കോടി രൂപ ചെലവിൽ തകർന്ന ഷട്ടർ മാറ്റി സ്ഥാപിച്ചു. ഇതിന്റെ തുടർച്ചയായാണ് മറ്റു രണ്ടു ഷട്ടറുകളും മാറ്റിയത്.

പറമ്പിക്കുളം: അണക്കെട്ടിൽ സ്ഥാപിച്ച പുതിയ ഷട്ടറുകളുടെ ട്രയൽ റൺ അടുത്തയാഴ്ച നടത്താൻ തയ്യാറെടുത്ത് തമിഴ്‌നാട്. ഇതിനു മുന്നോടിയായി തമിഴ്‌നാട് ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നേരിട്ടെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി. രണ്ടു ഷട്ടറുകൾ സ്ഥാപിച്ച് പരിശോധനകളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഡാമിലെ വെള്ളം നിൽക്കുന്ന ഷട്ടറിന്റെ ഭാഗത്തെ പെയിന്റിംഗും പൂർത്തിയായി. ഷട്ടർ ഉയർത്താനും താഴ്ത്താനുമുള്ള സംവിധാനത്തിൽ ഗ്രീസ് ഇടുന്നതും വൈദ്യുതീകരണത്തിലെ അവസാനവട്ട മിനുക്കുപണികളുമാണ് ശേഷിക്കുന്നത്. പുതിയ ഷട്ടറുകൾക്കു പുറമേ ഫാബ്രിക്കേഷൻ, ഷട്ടർ 1, 3 എന്നിവ സ്പിൽവേയ്ക്കായി ഉയർത്തുന്ന ആധുനിക ക്രമീകരണം, അറ്റകുറ്റപ്പണികൾ, പറമ്പിക്കുളം ടണൽ എൻട്രി ഷട്ടറുകളിൽ പുനഃക്രമീകരണം എന്നിവയാണു പ്രധാനമായും നടത്തിയിട്ടുള്ളത്. കൗണ്ടർ വെയ്റ്റ് ബീമുകൾ, ഷട്ടറുകളുമായി ബന്ധപ്പെട്ട ചങ്ങലകൾ എന്നിവയെല്ലാം പുതിയതു സ്ഥാപിച്ചു.

വെള്ളം സംഭരിക്കാം

പറമ്പിക്കുളം മേഖലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ ഷട്ടറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ വേഗം കുറച്ചിരുന്നു. എങ്കിലും പണികൾ വേഗത്തിൽ പൂർത്തിയാക്കി ഈ മാസം പതിനെട്ടിനോ അതിനടുത്ത ദിവസങ്ങളിലോ ട്രയൽ റൺ നടത്തുകയാണു തമിഴ്‌നാടിന്റെ ലക്ഷ്യം. 24.15 കോടി രൂപ ചെലവിട്ടു മാറ്റി സ്ഥാപിക്കുന്ന പറമ്പിക്കുളം അണക്കെട്ടിലെ 1, 3 ഷട്ടറുകളുടെ എല്ലാതരം പ്രവൃത്തികളും ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അന്തിമ ഘട്ട പണികൾക്കിടെ അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നതിനു തടസമില്ലെന്നാണു തമിഴ്നാടിന്റെ വിലയിരുത്തൽ.

Advertisement
Advertisement