മഴയ്ക്ക് ഇടവേള; ജലനിരപ്പ് ഉയരാതെ ഡാമുകൾ

Saturday 15 June 2024 1:47 AM IST
മലമ്പുഴ ഡാം

 8 ശതമാനം മഴയുടെ കുറവാണ് ജൂൺ ആദ്യ പകുതിയിൽ പാലക്കാട് ജില്ലയിൽ അനുഭവപ്പെട്ടത്.


പാലക്കാട്: കാലവർഷം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ പാലക്കാട് ശരാശരി മഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയരാതെ ജില്ലയിലെ ഡാമുകൾ. ഇന്ത്യൻ മെട്രോളജിക്കൽ വകുപ്പിന്റെ കണക്കനുസരിച്ച് 143.7 മില്ലി മീറ്റർ മഴയാണ് ജൂൺ 1 മുതൽ 14 വരെ പാലക്കാട് ജില്ലയിൽ ലഭിച്ചത്. 155.6 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. എട്ട് ശതമാനത്തിന്റെ കുറവ്. ജില്ലയിലെ ഏറ്റവും ചെറിയ അണക്കെട്ടായ മംഗലം ഡാമിൽ മാത്രമാണ് നിലവിൽ 50 ശതമാനത്തോളം വെള്ളമുള്ളത്. കഴിഞ്ഞ മൂന്നു ദിവസമായി ജില്ലയിൽ മഴ കുറവാണ്. നഗരപ്രദേശത്തൊഴിച്ച് മറ്റ് ഭാഗങ്ങളിൽ ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ട്. പലയിടത്തും ശക്തമായ കാറ്റുമുണ്ട്. കാലവർഷം സജീവമാകുന്നതോടെ ഡാമുകൾ നിറയുമെന്നായിരുന്നു പ്രതീക്ഷ. പോത്തുണ്ടി ഡാമിൽ 25 ശതമാനം ജലം സംഭരിച്ചിട്ടുണ്ട്.

മലമ്പുഴയിൽ 103.04 മീറ്റർ ജലനിരപ്പ്

മലമ്പുഴയിൽ 103.04 മീറ്ററാണ് കഴിഞ്ഞ ദിവസത്തെ ജലനിരപ്പ്. 115.06 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. ആകെ 16 ശതമാനമാണ് നിലവിലെ സംഭരണം. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ഏഴ് പഞ്ചായത്തുകളിലേക്കും മലമ്പുഴ ഡാമിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ കൃഷി ആവശ്യത്തിനുള്ള ജലസേചനവും നടത്താറുണ്ട്.

മറ്റു ഡാമുകളിലെ ജലനിരപ്പ്(പരമാവധി ശേഷി ബ്രാക്കറ്റിൽ)

 മംഗലം ഡാം- 73.89 മീറ്റർ(77.88)

 ശിരുവാണി ഡാം - 866.11മീറ്റർ(878.5)

 കാഞ്ഞിരപ്പുഴ ഡാം- 84.20മീറ്റർ(97.50)

 മീങ്കര- 151.55മീറ്റർ(156.36)

 ചുള്ളിയാർ-141.43മീറ്റർ(154.08)

 പോത്തുണ്ടി-94.56മീറ്റർ(108.20)

 മൂലത്തറ-182.60മീറ്റർ(184.70)

 വാളയാർ-193.87മീറ്റർ(203)

Advertisement
Advertisement