അരളിപ്പൂവ് കഴിച്ചതായി സംശയം,​ തലവേദനയും ഛർദ്ദിയുമായി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Friday 14 June 2024 7:54 PM IST

കൊച്ചി : എറണാകുളം കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികളെ അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

ഇന്ന് രാവിലെ ക്ലാസിൽ തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയിൽ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടിൽ നിന്ന് വരുന്ന വഴി അരളിപ്പൂ കഴിച്ചെന്ന് കുട്ടികൾ ഡോക്ടർമാരോട് പറയുകയായിരുന്നു,​ രക്തസാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിന് ശേഷം തുടർ ചികിത്സയിലേക്ക് കടക്കാനാണ് മെഡിക്കൽ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

അരളിപ്പൂവ് കഴിച്ച് ഹരിപ്പാട്ട് യുവതി മരണപ്പെട്ടതിന് പിന്നാലെ അരളിയിലെ വിഷാംശം ചർച്ചയായിരുന്നു,​ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് കൊടുക്കുന്ന പ്രസാദങ്ങളിൽ നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ തടസമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു,​