വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി

Saturday 15 June 2024 4:17 AM IST

മലപ്പുറം: ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നൊഴുകിയെത്തിയ 20 ലക്ഷത്തിലേറെ വിശ്വാസികൾ മിനായിലേക്ക് എത്തിയതോടെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. ഇന്നാണ് ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമം. ഹജ്ജ് ഏജൻസികൾ ഏർപ്പെടുത്തിയ വാഹനങ്ങളിൽ വ്യാഴാഴ്ച മുതൽ തന്നെ ഹാജിമാർ മിനായിൽ എത്തിയിരുന്നു. ഇന്നലെ മുഴുവൻ ഹാജിമാരും മിനായിലാണ് താമസിച്ചത്. ഹജ്ജ് വേളയിൽ തീർത്ഥാടകർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും അറഫാ സംഗമത്തിന് ശേഷം കല്ലേറ് കർമ്മങ്ങൾക്കും ബലി കർമ്മങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതും മിനായിലാണ്.
പരമ്പരാഗത അറബ് സംസ്‌കാര തനിമയിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഈ വർഷം മിനായിലെ തമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. കൊറോണയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഹാജിമാർ ഹജ്ജിന് എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ട് ലക്ഷത്തിലധികം തമ്പുകളിലും മിനായിലെ റസിഡൻഷ്യൻ ടവറുകളിലുമായാണ് ഹാജിമാർക്കുള്ള താമസ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മിനായിൽ നിന്ന് മടങ്ങുന്ന ഹാജിമാർ ഇന്ന് സുബ്ഹി നിസ്‌ക്കാരത്തിന് ശേഷം അറഫയിൽ സംഗമിക്കും. ളുഹ്ർ നിസ്‌കാരത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. പ്രവാചകരും അനുയായികളും ഹജ്ജ് വേളയിൽ ഒത്തുചേരുന്നതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് അറഫാ സംഗമം.

അറഫാ സംഗമത്തിന് ശേഷം ഇന്ന് വൈകിട്ട് വിശ്വാസികൾ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ താമസിച്ച ശേഷം ജംറകളിൽ പിശാചിന്റെ സ്തൂപത്തിൽ കല്ലെറിയും. തുടർന്ന് മസ്ജിദുൽ ഹറമിലെത്തി കഅ്ബയെ ത്വവാഫ് ചെയ്യും. സഫ-മർവ കുന്നകൾക്കിടയിലെ പ്രയാണത്തിന് ശേഷം ബലി കർമം നടക്കും. തുടന്ന് മുടി മുറിച്ച് തീർത്ഥാടകർ ഹജ്ജിൽ നിന്ന് വിരമിക്കും. പിന്നീട് മൂന്ന് ദിവസം കൂടി മിനായിലെ തമ്പുകളിൽ രാപ്പാർത്ത് മൂന്ന് ജംറകളിൽ കല്ലെറിയും. ഇതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ സമ്പൂർണമായി അവസാനിക്കും. മിനായിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement