പകിട്ടില്ലാതെ ലോകകേരളസഭ: വൈകി തുടങ്ങി; ഇന്ന് തീരും
തിരുവനന്തപുരം:പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മുടങ്ങാതെ നടത്തുന്ന ലോകകേരളസഭയുടെ നാലാം ഘട്ടത്തിന് കുവൈത്ത് ദുരന്തത്തിന്റെ നിഴലിൽ പകിട്ടില്ലാതെ പോയി.ഉദ്ഘാന പൊതുസമ്മേളനവും കലാപരിപാടികളും ഉപേക്ഷിച്ച സമ്മേളനം മൂന്നിൽ നിന്ന് ഒന്നര ദിവസമായി ചുരുക്കി.കനകക്കുന്നിലെ പൊതുസമ്മേളനവും മറ്റ് പരിപാടികളും ഉപേക്ഷിച്ചു.ഇന്ന് സമാപിക്കും.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത് പോലും കുവൈത്ത് ദുരന്തത്തിന്റെ ദു:ഖവും പേറിയായിരുന്നു. എല്ലാവരും കുവൈത്ത് ദുരന്തത്തെ കുറിച്ചാണ് സംസാരിച്ചത്. മൂന്നാം സഭയിൽ 68രാജ്യങ്ങളിൽ നിന്ന് പ്രതിനിധികളുണ്ടായിരുന്നെങ്കിൽ നാലാംസഭയിൽ അത് 103രാജ്യങ്ങളായി വർദ്ധിച്ചു.കഴിഞ്ഞസമ്മേളനങ്ങളിൽ സജീവസാന്നിധ്യമായിരുന്ന വ്യവസായികളായ എം.എ യൂസഫലി, രവിപിളള, ആസാദ് മൂപ്പൻ എന്നിവർക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം ഇത്തവണ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രതിനിധികളുടെ ബാഹുല്യമോ, ആവേശമോ സമ്മേളന വേദിയിൽ ഇല്ലായിരുന്നു. പ്രതിപക്ഷം സമ്മേളനം ബഹിഷ്ക്കരിച്ചതിനെയും
മുഖ്യമന്ത്രി വിമർശിച്ചില്ല.
മന്ത്രി കെ.രാജൻ,ബാബു സ്റ്റീഫൻ,സി.വി.റപ്പായി, ഗോകുലം ഗോപാലൻ,അനീസ ബീവി,കെ പി മുഹമ്മദ് കുട്ടി, ജുമൈലത്ത് ആദം യൂനുസ്, ഇ.വി.ഉണ്ണികൃഷ്ണൻ,എ.വി .അനൂപ്, പുത്തൂർ റഹ്മാൻ, ജൈ കെ മേനോൻ, ബിജുകുമാർ വാസുദേവൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. ഗൾഫ് രാജ്യങ്ങൾ,ഏഷ്യ പസഫിക്ക്,അമേരിക്ക, യൂറോപ്പ്,ആഫ്രിക്ക,ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെഎത്തിയ പ്രവാസികൾ എന്നിങ്ങനെ 7 മേഖലകളായി തിരിച്ചാണ് ചർച്ച.