രക്തദാനം റോബർട്ടിന് ജീവിത വ്രതം

Saturday 15 June 2024 12:52 AM IST

ചോറ്റാനിക്കര: രക്തം ദാനം ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാക്കുക മാത്രമല്ല മറ്റുള്ളവരെ അതിന്റെ മഹത്വം മനസ്സിലാക്കിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് പിറവം പെരുവ തോട്ടുപുറം അബ്രഹാമിന്റെയും മേരിയുടെയും മകനായ റോബർട്ട്. തന്റെ ഇരുപതാമത്തെ വയസിൽ ആരംഭിച്ച രക്തദാന വ്രതം 25 വർഷം പൂർത്തിയാക്കിയ വേളയിൽ തന്റെ പിറന്നാളും വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ഇദ്ദേഹം. തന്റെ പിറന്നാൾ ദിനമായ ജൂൺ ഏഴിന് വീട്ടിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചാണ് റോബർട്ട് വ്യത്യസ്തനായത്. കാർഷിക സർവകലാശാല വെള്ളായനിക്കരയിൽ വച്ച് നടന്ന രക്തദാന ക്യാമ്പിലാണ് ആദ്യമായി രക്തം ദാനം ചെയ്തത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ റോബർട്ട് രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഇതിനോടകം 60ലേറെ തവണ രക്തം ദാനം ചെയ്തു.

വേറിട്ടൊരു പിറന്നാളാഘോഷം

അമ്പതിലേറെ പേർക്ക് പങ്കെടുക്കാവുന്ന വിധമാണ് പിറന്നാൾ ദിനത്തിലെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.നാലാം തവണയാണ് ഇത്തരത്തിൽ പിറന്നാളിന് വീട്ടിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജനമൈത്രി പോലീസുമായി സഹകരിച്ച് രക്തം ദാനം ചെയ്യുന്നവരെ ആദരിക്കാൻ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. 130 ഓളം രക്തദാതാക്കളെ ആദരിക്കുകയും രക്തദാനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഐ.എം.എയുമായി സഹകരിച്ച് ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പ് നടത്തിയതിന് അവാർഡ് ലഭിച്ചിട്ടുണ്ട് റോബർട്ടിന്.

വരും തലമുറയുടെ ആരോഗ്യവും ആയുസും സംരക്ഷിക്കാൻ ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട് ബാങ്കിംഗ് കൺസൾട്ടന്റ് കൂടിയായ ഇദ്ദേഹം. കോട്ടയം, എറണാകുളം ജില്ലകളിൽ രക്തം ആവശ്യമുള്ള ആരു വിളിച്ചാലും സൗജന്യമായി അവർക്ക് രക്തം എത്തിച്ചു നൽകാൻ ആയിരത്തിലധികം പേർ വരുന്ന രക്തദാതാക്കളുടെ മറ്റൊരു വാട്സ്ആപ്പ് കൂട്ടായ്മയും റോബർട്ടിന്റെ നേതൃത്വത്തിലുണ്ട്. കൊവിഡ് കാലത്ത് 18ലധികം വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കുകയും കാർഷികോത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ നിർധനയായ വ്യക്തിക്ക് 6,40000 രൂപ ചെലവ് വരുന്ന ഒരു വീട് നിർമ്മിച്ചു നൽകാൻ നേതൃത്വം നൽകി. ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ അധ്യാപികയും ഭാര്യയുമായ ജോയ്സി പോളിന്റെയും മക്കളായ ലിയോപോളിന്റെയും എബ്രഹാമിന്റെയും പിന്തുണയും റോബർട്ടിന് ഉണ്ട്.

എന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉള്ള വ്യക്തികൾ അവരുടെ ജന്മദിനത്തിൽ രക്തം ദാനം ചെയ്ത് ആഘോഷിക്കണം എന്നാണ് ആഗ്രഹം.

റോബർട്ട്

Advertisement
Advertisement