കണ്ണീർക്കടലായ് നെടുമ്പാശേരി

Saturday 15 June 2024 12:03 AM IST

കൊച്ചി: നാടൊന്നാകെ വിറങ്ങലിച്ചു നിന്നുപോയ അപ്രതീക്ഷിത ദുരന്തത്തിലെ ദു:ഖാർത്ത നിമിഷങ്ങൾക്കാണ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ഒരുപാട് ജീവിത സ്വപ്‌നങ്ങൾ കൂട്ടിവെച്ച് പ്രവാസ ജീവിതത്തിലേക്ക് വിമാനം കയറിയരുടെ ചേതനയറ്റ ശരീരങ്ങൾ വ്യോമസേനാ വിമാനത്തിൽ കൊച്ചിയിലെത്തി. മാസങ്ങൾക്ക് മുമ്പ് തങ്ങളുടെ അടുത്ത് നിന്ന് പോയവർ, മണിക്കൂറുകൾ മുമ്പ് പോലും വിശേഷങ്ങൾ പങ്കുവെച്ചവർ, തൊട്ടടുത്ത ദിവസങ്ങളിൽ നാട്ടിലെത്തുമെന്ന് ഉറപ്പ് നൽകിയവർ,... തിരികെ വന്നത് ജീവനറ്റ ശരീരങ്ങളായി. പ്രിയപ്പെട്ടവർ ഉള്ളുലഞ്ഞ മനസുമായി വിങ്ങലോടെ കാത്തിരുന്നത് കണ്ടുനിന്നവരുടെയെല്ലാം കണ്ണു നനച്ചു.

രാവിലെ 8.30ന് മൃതദേഹങ്ങൾ നെടുമ്പാശേരിയിലെത്തുമെന്നറിഞ്ഞ് ബന്ധുക്കൾ നേരത്തെ തന്നെ ഇവിടെയത്തിയിരുന്നു. എന്നാൽ, മൃതദേഹങ്ങളെത്താൻ 10.30 കഴിയുമെന്ന് അറിയിച്ചതോടെ കാത്തിരുപ്പ് നീണ്ടു. ഈ നേരമത്രയും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കൾ ഇവരുടെ ദു:ഖത്തിൽ പങ്കുചേരാനെത്തി. മാദ്ധ്യമങ്ങളുടെ മുന്നിൽ ഉറ്റവർ വിങ്ങിപ്പൊട്ടി.

മന്ത്രിമാരായ കെ. രാജൻ, പി. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറും മറ്റ് റവന്യൂ- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എയർപോർട്ട് അധികൃതരും ചേർന്ന് മുന്നൊരുക്കങ്ങൾ ഏകോപിപ്പിച്ചു. പൊലീസും മറ്റ് വിവിധ വകുപ്പകളും ഒപ്പം ചേർന്നു. മൃതദേഹങ്ങൾ ഇറക്കി വയ്ക്കുന്നതിന് മേശകൾ, അതിൽ ഓരോരുത്തരുടെയും ഫോട്ടോയും പേരും പതിച്ച പോസ്റ്റർ, പ്രത്യേകം ആംബുലൻസുകൾ, ഓരോ ആംബുലൻസിനും പൈലറ്റ് പൊലീസ് വാഹനം, ആംബുലൻസിൽ ഫോട്ടോയും പേരും നമ്പറും പതിച്ച പോസ്റ്റർ, ബന്ധുക്കൾക്ക് ഇരിക്കുന്നതിനും ആദരമർപ്പിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ അങ്ങനെ അണുവിട തെറ്റാത്ത മുന്നൊരുക്കങ്ങൾ കാര്യങ്ങൾ വേഗത്തിലാക്കി.

തിരുവനന്തപുരം സ്വദേശി അരുൺ ബാബുവിന്റെ മൃതദേഹമാണ് 11.45ന് ആദ്യം പുറത്തെത്തിച്ചത്. പിന്നാലെ മറ്റുള്ളവരുടെയും. പെട്ടികൾ കണ്ട് ബന്ധുക്കളുടെ നിയന്ത്രണം വിട്ടു. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും മന്ത്രിമാരുടെയും മറ്റു നേതാക്കളുടെയും ആദരമർപ്പിക്കലും സർക്കാരിന്റെ ഗാർഡ് ഒഫ് ഓണറും അവസാനിച്ചതിനു പിന്നാലെ ബന്ധുക്കൾ ഒന്നൊന്നായി മൃതദേഹത്തിനടുത്തെത്തി. പലരുടെയും സങ്കടം നിലവിളിയായി അണപൊട്ടി. ഹൃദയഭേദകമായ ആ നിമിഷങ്ങൾക്കൊടുവിൽ ഒരു മണിയോടെ ആംബുലൻസുകളിൽ ജനിച്ച മണ്ണിലേക്ക് അവസാന യാത്ര. ഇനിയൊരിക്കലും കുവൈറ്രിലേക്ക് വിമാനം കയറാൻ നെടുമ്പാശേരിയിൽ അവരെത്തില്ല.

Advertisement
Advertisement