ബാങ്കുകൾ വായ്പകളുടെ പലിശയും ഉയർത്തുന്നു

Saturday 15 June 2024 1:11 AM IST

കൊച്ചി: റിസർവ് ബാങ്ക് കഴിഞ്ഞ ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും വാണിജ്യ ബാങ്കുകൾ വായ്പകളുടെ പലിശ സ്വമേധയ ഉയർത്തുന്നു. എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ പലിശ 0.1 ശതമാനം വർദ്ധിപ്പിച്ച് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ്(എസ്.ബി.ഐ) പലിയ വർദ്ധനയ്ക്ക് തുടക്കമിടുന്നത്. മാർജിനൽ കോസ്റ്റ് ഒഫ് ലെൻഡിംഗ് നിരക്കുകളിൽ(എം.സി.എൽ.ആർ) എസ്.ബി.ഐ വർദ്ധന പ്രഖ്യാപിച്ചതോടെ ഭവന, വാഹന, കോർപ്പറേറ്റ്, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശ 0.2 ശതമാനം വരെ കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും പലിശ നിരക്കുകളിൽ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തുന്നത്.

പുതിയ തീരുമാനത്തോടെ ഒരു വർഷത്തെ എം.സി.എൽ.ആർ നിരക്കുകൾ 8.75 ശതമാനമായി ഉയരും. രാജ്യത്തെ കോടിക്കണക്കിന് വായ്പാ ഉപഭോക്താക്കളുടെ പ്രതിമാസ വായ്പ തിരിച്ചടവ് ബാദ്ധ്യത കുത്തനെ കൂടാൻ എസ്.ബി.ഐ തീരുമാനം കാരണമാകും. റിസർവ് ബാങ്കിന്റെ നിയമം അനുസരിച്ച് എം.സി.എൽ.ആർ അടിസ്ഥാനമായി വായ്പ എടുത്തിട്ടുള്ള ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുക അടുത്ത മാസം മുതൽ വീണ്ടും കൂടും.

Advertisement
Advertisement