ഏനാത്ത് - പത്തനാപുരം റോഡ്, വീണ്ടും പണി മുടങ്ങി

Saturday 15 June 2024 12:19 AM IST

അടൂർ : ഒരു വർഷം മുമ്പ് തുടങ്ങിയ ഏനാത്ത് - പത്തനാപുരം റോഡിന്റെ പണി രണ്ടാമതും മുടങ്ങി. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് തുടക്കത്തിൽ പണി തടസപ്പെട്ടിരുന്നു. അന്ന് ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പുനരാരംഭിച്ചത്. ഇപ്പോൾ റോഡിലെ ടാറിംഗ് ജോലികൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. കനാലുകളുടെ പണിയും ചിലയിടങ്ങളിലെ ടാറിംഗും മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ മഴ തുടങ്ങിയതോടെ ടാർ ചെയ്യാത്ത ഭാഗങ്ങളിൽ ചെളി നിറഞ്ഞത് യാത്രയ്ക്ക് ബുദ്ധിമുട്ടായി. ചെളിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടായി.

പണിപൂർത്തീകരിക്കാത്ത കളമല ഭാഗത്തെ വലിയ വളവ് അപകട ഭീഷണിയാണ്. ഇവിടെയുള്ള 24 സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലുമാണ്. ഭൂമി ഏറ്റെടുത്താൽ മാത്രമേ വളവ് നിവരുകയുള്ളൂ. ഇവിടെ കനാൽ പണി പൂർത്തിയായെങ്കിലും ടാറിംഗ് നടത്തിയിട്ടില്ല. ചില കലുങ്കുകളുടെ പണികളും പൂർത്തിയാകാനുണ്ട്.

വോട്ടിന് പോയ തൊഴിലാളികൾ എത്തിയില്ല

പഞ്ചാബ് ആസ്ഥാനമായ കരാർ കമ്പനിയുടെ തൊഴിലാളികൾ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് മടങ്ങിയതാണ് ഇപ്പോൾ പണി മുടങ്ങാൻ കാരണമായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തൊഴിലാളികളിൽ ഏറെയും തിരികെയെത്തിയില്ല. ഇവർ എത്തുന്ന മുറയ്ക്ക് പണികൾ പുനരാരംഭിക്കാനാകും.

കിഫ്‌ബി പദ്ധതി

റോഡ് പണിക്ക് അനുവദിച്ചത് : 66 കോടി രൂപ.

റോഡിന്റെ നീളം : 14 കിലോ മീറ്റർ

അടുത്തയാഴ്ച്ച പണി തുടങ്ങുമെന്നാണ് അധികൃതരിൽ നിന്ന് കിട്ടിയ വിവരം. ഒപ്പം കലുങ്കുകളുടെ പണികൾ ഉടൻ പൂർത്തിയാക്കും. മഴ ശമിച്ചാൽ ടാറിംഗ് ആരംഭിക്കും.

ആർ.വേണുകുമാർ
കേരളാ കോൺഗ്രസ് ബി മണ്ഡലം പ്രസിഡന്റ്

വലിയ യാത്രാദുരിതം ആണ് പൊതുജനങ്ങൾ അനുഭവിക്കുന്നത്. എത്രയും പെട്ടെന്ന് തടസങ്ങൾ നീക്കി റോഡ് പണി പൂർത്തിയാക്കണം.

രാധാമണി ഹരികുമാർ,
ഏഴംകുളം പഞ്ചായത്ത് അംഗം

Advertisement
Advertisement