പെൺകുട്ടിയെ ശല്യംചെയ്ത  യുവാവിനെ അറസ്റ്റുചെയ്തു

Saturday 15 June 2024 12:25 AM IST
ജോമോൻ കുര്യൻ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടിൽ ജോമോൻ കുര്യനെ (24) യാണ് പെരുനാട് പൊലീസ് പിടികൂടിയത്. പോക്‌സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നതിങ്ങനെ: യുവാവ് 17കാരിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മൈലപ്ര പള്ളിപ്പടിയിലെ വെയിറ്റിംഗ് ഷെഡിൽ ബസ് കാത്തുനിന്നപ്പോൾ ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിച്ച് ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു. പിന്നീട് നിരന്തരം ഇയാൾ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും, ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോൾ ഒഴിച്ച് കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ചൊവ്വാഴ്ച്ച പെൺകുട്ടി റാന്നിയിൽ പോയി തിരിച്ചുവരുമ്പോൾ പിന്തുടർന്ന് ശല്യം ചെയ്തു.
പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകിയ പെരുനാട് പൊലീസ്, പ്രതിയെ ബുധനാഴ്ച്ച വൈകിട്ട് വീടിനു സമീപത്തു നി​ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെരുനാട് എസ്.ഐ വി.ടി ലഞ്ചുലാലാണ് അന്വേഷണം നടത്തിയത്. പെൺ​കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തി​ൽ എസ്.ഐ റെജി തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ആശ ഗോപിനാഥ്, സുഷമ കൊച്ചുമ്മൻ, വിഷ്ണു എന്നിവരുമുണ്ടായി​രുന്നു.

Advertisement
Advertisement