കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദേഹം മുംബയിലെത്തിച്ചു

Saturday 15 June 2024 1:36 AM IST

കൊല്ലം: കുവൈറ്റ് തീപിടിത്തതിൽ മരിച്ച കരുനാഗപ്പള്ളി ആലുംതറമുക്ക് സ്വദേശി ഡെന്നി ബേബിയുടെ (33) മൃതദേഹം ഇന്നലെ മുംബയിലെ വസതിയിലെത്തിച്ചു. ആലുംതറമുക്ക് വടക്കേത്തറയിൽ ബേബിക്കുട്ടി കരുണാകരന്റെയും പരേതയായ ഹില്ലാരിയുടെയും മകനാണ്. ബേബിക്കുട്ടിയും കുടുംബവും 42 വർഷമായി മുംബയിൽ സ്ഥിരതാമസമാണ്.

നാലുവർഷം മുമ്പാണ് ഡെന്നി കുവൈറ്റിലെത്തിയത്. എൻ.ബി.ടി.സി കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഡെന്നിയുടെ സഹോദരി ഡെയ്സിയുടെ ഭർത്താവ് മനോജ് കുവൈറ്റിലാണ്. മനോജാണ് മൃതദേഹം തിരിച്ചറിഞ്ഞ് മരണവിവരം ബേബിക്കുട്ടിയെ അറിയിച്ചത്. അമ്മയോടൊപ്പം ബേബിക്കുട്ടി ഒന്നരവർഷമായി കേരളത്തിലുണ്ടായിരുന്നു. മരണവിവരം അറിഞ്ഞതോടെ ബേബിക്കുട്ടിയും ബന്ധുക്കളും മുംബയിലെത്തി. സംസ്കാരം ഞായറാഴ്ച മുംബയ് ചാർക്കോപ്പ് ശ്മശാനത്തിൽ. ഡെന്നി ബേബി അവിവാഹിതനാണ്.

Advertisement
Advertisement