കുവൈറ്റ് ദുരന്തം: കസ്റ്റഡിയിൽ 3 പേർ

Saturday 15 June 2024 1:53 AM IST

കുവൈറ്റ് സിറ്റി: കുവൈറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവ ദിവസം കെട്ടിട ഉടമ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു കുവൈറ്റി പൗരനും രണ്ട് വിദേശികളുമാണ് ജുഡിഷ്യൽ കസ്റ്റഡിയിലുള്ളതെന്ന് കുവൈറ്റ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ ഇവരുടെ പേര് വ്യക്തമാക്കിയിട്ടില്ല.

കെട്ടിട ഉടമയ്ക്ക് പുറമേ സുരക്ഷാ ജീവനക്കാരനും തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവർ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. പ്രോസിക്യൂഷൻ അന്വേഷണം തുടരുകയാണ്.

അതേസമയം, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കുവൈറ്റ് ഫയർഫോഴ്സിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഉന്നതരായ പ്രതികളെ രക്ഷിക്കാനാണെന്നാണ് കുവൈറ്റിലുൾപ്പെടെ ആക്ഷേപം ഉയരുന്നത്.

ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

 തീയുടെ ഉറവിടം ഗ്രൗണ്ട് ഫ്ലോറിലുണ്ടായ ഷോർട്ട് സർക്യൂട്ട്

 കൂടുതൽ പേരുടെയും മരണത്തിന് കാരണം പുക ശ്വസിച്ചത്

 കെട്ടിടത്തിലെ സുരക്ഷാനടപടികളിൽ ഗുരുതര വീഴ്ച

 ഏഴുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ഡസനോളം ഗ്യാസ് സിലിണ്ടറുകൾ

 പേപ്പർ, കാർ‌ഡ്ബോർഡ്, പ്ലാസ്റ്റിക് തുടങ്ങി എളുപ്പം തീപിടിക്കുന്ന നിരവധി വസ്തുക്കൾ

 ഇടുങ്ങിയ മുറികളിൽ തൊഴിലാളികൾക്കുള്ള ഇടം വേർതിരിക്കാൻ ഇവ ഉപയോഗിച്ചു

 മുറികളിൽ തൊഴിലാളികൾ കഴിഞ്ഞത് തിങ്ങിനിറഞ്ഞ്. പരിധിയിലധികം താമസക്കാർ

 ടെറസിലേക്കുള്ള വാതിലുകൾ പൂട്ടിയിരുന്നതിനാൽ അതുവഴി രക്ഷപെടാനായില്ല

 ലിഫ്റ്റുകൾ പ്രവർത്തിക്കാത്തതിനാൽ മുകൾനിലയിലുണ്ടായിരുന്നവർ താഴേക്ക് ഓടി

 കോണിപ്പടികളിൽ കുടുങ്ങിയവർക്ക് രക്ഷപെടാൻ മാർഗമില്ലാതായി

 കൂടുതൽ സ്ഥലസൗകര്യം ഒരുക്കാൻ കെട്ടിടത്തിന്റെ ആന്തരിക ഘടന മാ​റ്റി

 ഇത് അഗ്നിശമന സേനാംഗങ്ങളുടെ പ്രവേശനത്തിന് തടസമായി

Advertisement
Advertisement