അവനികയ്ക്ക് മിഠായിയും കളിപ്പാട്ടവും കരുതാതെ ചേതനയറ്റ് അച്ഛനെത്തി

Saturday 15 June 2024 1:57 AM IST

കൊല്ലം: മിഠായിയും കളിപ്പാട്ടവുമായി പടികടന്നെത്തുന്ന അച്ഛനെ കാത്തിരിക്കുകയായിരുന്നു കുഞ്ഞ് അവനിക. എന്നാൽ ഓമനമകൾക്ക് അരികിൽ സുമേഷ് എത്തിയത് ചേതനയറ്റ ശരീരമായി. ഓണത്തിന് നാട്ടിലെത്താനിരിക്കെയാണ് അഞ്ചാലുംമൂട് മതിലിൽ കന്നിമൂലയിൽ സുമേഷ് എസ്.പിള്ള (40) കുവൈറ്റിലെ തീപിടിത്തതിൽ മരിച്ചത്.

ഇന്നലെ രാവിലെയാണ് ഭാര്യ രമ്യയും മാതാപിതാക്കളായ സുന്ദ‌രൻപിള്ളയും ശ്രീകുമാരിയും സഹോദരൻ സുകേഷും സുമേഷിന്റെ മരണവിവരം അറിയുന്നത്. നെഞ്ചുപൊട്ടി വിലപിക്കുന്ന അമ്മയെ നോക്കി കരയുന്നതെന്തിനെന്നായിരുന്നു ഏഴുവയസുകാരി അവനികയുടെ ആദ്യ ചോദ്യം. പതിവില്ലാതെ മുറ്റത്തുയർന്ന പന്തലും ആൾക്കൂട്ടവും കണ്ട് അവൾ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ വൈകിട്ട് നാലോടെ സുമേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കത്തിച്ചുവച്ച നിലവിളക്കിന് മുന്നിൽ കിടന്ന അച്ഛനെ അവൾ നോക്കിനിന്നു, ഇനിയൊരിക്കലും തിരികെവരില്ലെന്ന സത്യം അറിയാതെ.
മരണവിവരം അറിഞ്ഞ നിമിഷം മുതൽ മകൻ എത്തുംവരെ അച്ഛൻ സുന്ദ‌രൻപിള്ള ഉമ്മറത്ത് തന്നെ കാത്തിരുന്നു. എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ കുഴങ്ങി. ഇക്കുറിയും ഓണമുണ്ണാൻ വരുമെന്ന് വാക്കുനൽകിയാണ് കഴിഞ്ഞ ഓണത്തിന് വന്നശേഷം സുമേഷ് കുവൈറ്റിലേക്ക് പോയത്. ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ വീട്ടിലേക്ക് വിളിക്കുന്നത് പതിവ്. അപകടം നടന്നതിന് തലേന്ന് രാത്രിയും സുമേഷ് വിളിച്ചിരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുമേഷ്. വീടുവച്ചതിന്റെ അടക്കം കടം വീട്ടിയിട്ടില്ല. അച്ഛനും സഹോദരനും ഭാര്യയുമെല്ലാം അസുഖ ബാധിതരും. പതിനഞ്ചു വർഷമായി കുവൈറ്റിലായിരുന്ന സുമേഷ് എൻ.ബി.ടി.സി കമ്പനിയിൽ എക്സ്‌റേ വെൽഡിംഗ് ചെക്കിംഗ് ഓഫീസറായിരുന്നു. വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ 4.55 ഓടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

Advertisement
Advertisement