സ്വപ്നങ്ങൾ ബാക്കി, ഷെമീർ യാത്രയായി

Saturday 15 June 2024 1:58 AM IST

കൊല്ലം: അകാലത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ട ഷെമീറിനെ (30) അവസാനമായി ഒരുനോക്കു കാണാൻ ശൂരനാട് നോർത്ത് ആനയടി തുണ്ടുവിള വീട്ടിലേക്ക് ഇന്നലെ രാവിലെ മുതൽ ജനപ്രവാഹമായിരുന്നു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടയാളുടെ വിയോഗം അപ്പോഴും അവർക്ക് ഉൾക്കൊള്ളാനായിരുന്നില്ല.

ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പെെലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ഷെമീറിന്റെ ഭൗതികദേഹം വഹിച്ചുള്ള ആംബുലൻസ് യാത്ര തിരിച്ചത്. വൈകിട്ട് 3.50ഓടെ താമരക്കുളം നാലുമുക്കിലെ തൈക്കാവിലേക്ക് എത്തിച്ചു. അവിടെ മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി. 4.45 ഓടെ തുണ്ടുവിളയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും വീടും പരിസരവും ബന്ധുക്കളെയും നാട്ടുകാരെയും ജനപ്രതിനിധികളെയും കൊണ്ട് നിറഞ്ഞിരുന്നു.

ഭാര്യ സുറുമി, പിതാവ് ഉമറുദ്ദീൻ, മാതാവ് ഷെബിന, അനുജൻ നിജാസ് എന്നിവർക്കും അടുത്ത ബന്ധുക്കൾക്കും കാണാനായി ഭൗതികശരീരം വീട്ടിനുള്ളിലേക്കെടുത്തു. ഇതോടെ അടക്കിപ്പിടിച്ച തേങ്ങലുകൾ നിലവിളിയായി മാറി. അനുജനും ബന്ധുവായ യുവാവും ബോധരഹിതരായി വീണു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മുക്കാൽ മണിക്കൂറോളം വീടിന് പുറത്ത് മൃതദേഹം പൊതുദർശനത്തിനുവച്ചു. 5.30 ഓടെ താമരക്കുള്ളം കലൂർ മുസ്ലീം ജമാഅത്ത് കബർസ്ഥാനിലേക്ക് കൊണ്ടുപോയ മൃതദേഹം 6.15 ഓടെ കബറടക്കി.

കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സി.എ. അരുൺ കുമാർ, ഉല്ലാസ് കോവൂർ എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Advertisement
Advertisement