'കാഫിർ' വിവാദം: എം.എസ്.എഫ് നേതാവിന് പങ്കില്ലെന്ന് പൊലീസ്, 'പോരാളി ഷാജി'യിലേക്കും അന്വേഷണം

Saturday 15 June 2024 12:07 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ തന്റെ പേരിൽ മതസ്പർദ്ധയുണ്ടാക്കും വിധം സന്ദേശം പ്രചരിപ്പിക്കപ്പെട്ട സംഭവത്തിൽ അന്വേഷണവീഴ്ച ആരോപിച്ച് എം.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ. മുഹമ്മദ് കാസിം ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി 28ന് പരിഗണിക്കാൻ മാറ്റി. വടകരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരെ 'കാഫിർ' പരാമർശമടങ്ങിയ വാട്‌സാപ്പ് സ്‌ക്രീൻ ഷോട്ടാണ് കാസിമിന്റെ പേരിൽ പ്രചരിപ്പിക്കപ്പെട്ടത്.

വിവാദമായ സ്‌ക്രീൻഷോട്ട് നിർമ്മിച്ചതിലും പ്രചരിപ്പിച്ചതിലും മുഹമ്മദ് കാസിമിന് പങ്കില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി വടകര പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കാസിമിന്റെ ഫോൺ ഉൾപ്പെടെ സൈബർ സെൽ പരിശോധിച്ച ശേഷമാണ് ഇത് സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്‌ക്രീൻഷോട്ട് ആദ്യമായി ഫേസ്ബുക്കിൽ പ്രചരിപ്പിച്ച 'അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ' എന്ന ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഫേസ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'പോരാളി ഷാജി' തുടങ്ങിയ ഗ്രൂപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് കുറ്റ്യാടി മുൻ എം.എൽ.എ കെ.കെ. ലതിക അടക്കം 12 പേരെ ചോദ്യം ചെയ്തു.

ഫേസ്ബുക്കിൽ നിന്ന് വ്യാജ പോസ്റ്റ് നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറെ കേസിൽ പ്രതി ചേർത്തതായും പൊലീസ് കോടതിയെ അറിയിച്ചു.

Advertisement
Advertisement