പൊന്നാനിയുടെ ഇൻഡോർ സ്റ്റേഡിയം പദ്ധതി

Saturday 15 June 2024 12:09 AM IST

പൊന്നാനി: പൊന്നാനിയുടെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയായിരുന്ന നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പദ്ധതി പാതിവഴിയിൽ. പദ്ധതി പ്രഖ്യാപനം കഴിഞ്ഞിട്ടു വർഷം അഞ്ചാകാറായി. സ്റ്റേഡിയം മൈതാനം നിലവിൽ കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്.

പൊന്നാനി നഗരസഭക്ക് കീഴിൽ ഈശ്വരമംഗലത്തുള്ള മിനി സ്റ്റേഡിയവും സമീപ പ്രദേശത്തുള്ള റവന്യു വകുപ്പിന്റെ ഭൂമിയും ചേർത്ത് രണ്ട് ഘട്ടങ്ങളായി പത്തുകോടി രൂപ ചെലവിൽ പൊന്നാനി ഈശ്വരമംഗലത്ത് ഇൻഡോർ സ്റ്റേഡിയം കോംപ്ലക്സ് നിർമ്മിക്കാനായിരുന്നു പദ്ധതി. 3.1 ഏക്കർ സ്ഥലമാണ് ഇതിനുവേണ്ടിവരിക. മിനി സ്റ്റേഡിയം 1.47 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .ശേഷിക്കുന്ന 1.63 ഏക്കർ സ്റ്റേഡിയത്തോട് ചേർന്ന് റവന്യൂവകുപ്പിന്റേതായിട്ടുണ്ട്. അവിടെ ബാക്കി പ്രവർത്തനങ്ങളും നടത്താനാണ് തീരുമാനിച്ചതിരുന്നത്. ഇക്കഴിഞ്ഞ ബഡ്ജറ്റിൽ 10 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്.ആദ്യ ഘട്ടം പൊന്നാനി നഗരസഭ മിനി സ്റ്റേഡിയത്തിൽ തുടങ്ങുന്നതിന്റെ ഭാഗമായി അന്നത്തെ കിറ്റ്‌കോ പ്രോജ്ക്ട് എൻജിനീയർമാരും നഗരസഭ അധികൃതരും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. അന്നത്തെ പൊന്നാനി എം.എൽ. എ കൂടിയായ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ജില്ലാ സപോർട്സ് കൗൺസിൽ വിവിധ ഉദ്യേശ്യങ്ങളോടുകൂടിയുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ പദ്ധതി തയ്യാറാക്കിയത്. കുട്ടികൾക്കായുള്ള പരിശീലന കേന്ദ്രം ഉൾപ്പെടുന്ന രീതിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്.ഇൻഡോർ സ്റ്റേഡിയത്തിന് പുറമെ കബഡി, ടെന്നീസ്, വോളിബോൾ കോർട്ടുകൾ ഒപ്പം സിന്തറ്റിക് ട്രാക്, ബാസ്‌കറ്റ് ബോൾ കോർട്ട്, സ്‌കാറ്റിംഗ് ഏരിയ കൂടാതെ കഫെറ്റേരിയ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതോടൊപ്പം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. സ്റ്റേഡിയത്തിന് ചുറ്റുമതിലും ഇതോടൊപ്പം നിർമിക്കാൻ തീരുമാനിച്ചിരുന്നു. .

ആശ്രയിക്കുന്നത് ദൂരെയുള്ള

സ്റ്റേഡിയങ്ങളെ

പൊന്നാനിയിലെ കായിക പ്രതിഭകൾക്ക് എന്നും അനുഗ്രഹമാകുമായിരുന്ന പദ്ധതിയാണ് പിന്നീട് യാതൊരു നടപടിയുമില്ലാതെ നിൽക്കുന്നത്. കായിക രംഗത്ത് പൊന്നാനി താലൂക്കിൽ കഴിവുള്ള ഒട്ടനവധി പ്രതിഭകൾ ഉണ്ട്. കഴിഞ്ഞ തവണ സംസ്ഥാന കായിക മേളയിലടക്കം പൊന്നാനി താലൂക്ക് സംസ്ഥാന തലത്തിൽ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ പലരും പ്രാക്ടീസ് ചെയ്യുവാൻ അന്യജില്ലകളിലെ സ്വകാര്യ സ്റ്റേഡിയങ്ങളെയാണ് ആശ്രയിക്കുന്നത്.

Advertisement
Advertisement