മന്ത്രി വീണയ്ക്ക് യാത്രാനുമതി നിഷേധിച്ചതിനെതിരെ മുഖ്യമന്ത്രി

Saturday 15 June 2024 12:10 AM IST

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാജോർജിന് കുവൈറ്റിലെ ദുരന്തസ്ഥലത്തേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അനൗചിത്യമാണെന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സഭയുടെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഒരു സംസ്ഥാനത്തിന് മറ്റൊരു രാജ്യത്ത് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. കേന്ദ്രമാണ് ചെയ്യേണ്ടത്. എന്നാലും അവിടെ ജീവിക്കുന്നവരിൽ നല്ലൊരു വിഭാഗം കേരളീയരാണ്. അതുകൊണ്ട് എന്താണ് പ്രശ്നങ്ങളെന്ന് കൃത്യമായി കേന്ദ്ര സർക്കാരിനെ ധരിപ്പിക്കാൻ

കഴിയുമായിരുന്നു. ആരോഗ്യ മന്ത്രി വിമാനത്താവളത്തിനു പുറത്തു വരെയെത്തി. അതിനപ്പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. കേന്ദ്രത്തിന്റെ ക്ലിയറൻസ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോയത്. എന്നാൽ, ക്ലിയറൻസില്ലെന്ന നിഷേധ മറുപടിയാണ് ലഭിച്ചത്. ഞങ്ങളെല്ലാം ചെയ്തിട്ടുണ്ട്, പിന്നെ നിങ്ങളെന്തിനാണ് പോകുന്നതെന്ന് ചിലർ ചോദിച്ചതായി അറിഞ്ഞു. കേരളത്തിനും മലയാളികൾക്കും ഒരു പൊതുരീതിയും സംസ്കാരവുമുണ്ട്. ഒരു മരണവീട്ടിൽ നമ്മൾ പോയാൽ ഈ രീതി വച്ചാണെങ്കിൽ നിങ്ങൾക്ക് അവിടെ എന്താണ് ചെയ്യാനുള്ളതെന്നു ചോദിക്കുമായിരുന്നു. ആരോഗ്യ മന്ത്രി അവിടെ എത്തുമ്പോൾ പരിക്കേറ്റവരുടെ കാര്യവും മലയാളി സമൂഹത്തിന് പറയാനുള്ള കാര്യവുമെല്ലാം അറിയാനും കൈകാര്യം ചെയ്യാനും സാധിക്കുമായിരുന്നു. വിഷയത്തിൽ കുവൈറ്റ് സർക്കാർ ഫലപ്രദമായി ഇടപെട്ടു. കേന്ദ്ര സർക്കാർ എംബസി മുഖേന കാര്യങ്ങൾ നീക്കി. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടിവരും..

സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ, വീഴ്ചയുണ്ടെങ്കിൽ ഉത്തരവാദി ആര്, ഇത്തരം കാര്യങ്ങളിൽ ഗൗരവമായ തുടർനടപടികൾ ഉണ്ടാകണം.മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണം. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടികൾ ത്വരിതപ്പെടുത്തണം. നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യതപ്പെട്ട സ്ഥാപനങ്ങളുണ്ടങ്കിൽ അവരിൽ നിന്ന് കൃത്യമായി ഇടാക്കാനുള്ള നടപടി സ്വീകരിക്കണം- മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement