പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പത്ത്,​ കഴിഞ്ഞ വർഷം സംസ്ഥാനത്തേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ

Saturday 15 June 2024 12:11 AM IST

തിരുവനന്തപുരം : കൊവിഡ് കാലത്ത് നേരിട്ട ഇടിവിന് ശേഷം കേരളത്തിലേക്കെത്തുന്ന പ്രവാസി പണത്തിൽ വൻകുതിച്ചുചാട്ടം. 2023ലെ കേരള മൈഗ്രേഷൻ സർ‌വേ റിപ്പോർട്ടിലാണ് മലയാളി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ടായ വർദ്ധനവിനെ കുറിച്ച് പ്രതിപാദിക്കുന്നത്.

2023ൽ നാട്ടിലേക്ക് മലയാളി പ്രവാസികൾ അയച്ചത് 216893 കോടി രൂപയാണ്. 22 ലക്ഷം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസികളായി കഴിയുന്നത്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തിൽ നടത്തിയ സർവേ റിപ്പോർട്ട് ലോകകേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിൽ 85092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന എൻ.ഐ.ആർ പണമെങ്കിൽ 2023ൽ 154.9 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രവാസികൾ വീട്ടിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർദ്ധന ഉണ്ടായി. 37058 കോടി രൂപയാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്.

രാജ്യത്തെ എൻ.ആ‍ർ.ഐ നിക്ഷേപങ്ങളിൽ 21 ശതമാനം വിഹിതവും കേരളത്തിന്റേതാണ്. അതേസമയം കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗണ്യമായ വർദ്ധന ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ൽ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ൽ 22 ലക്ഷമായി. വിദ്യാർത്ഥി കുടിയേറ്റം വർദ്ധിച്ചതാണ് പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതിന് പിന്നിലെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തില്‍നിന്നുള്ള മൊത്തം പ്രവാസികളില്‍ 11.3 ശതമാനം പേര്‍ വിദ്യാർത്ഥികളാണെന്നും അതേസമയം ആകെ കുടിയേറ്റക്കാരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ ഒമ്പതു ജില്ലകളിലും പ്രവാസികളുടെ എണ്ണം കുറഞ്ഞതായും കാണിക്കുന്നു. മലപ്പുറം തിരൂര്‍ താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍. ഒരു ലക്ഷം പ്രവാസികളാണ് ഇവിടെനിന്നുള്ളത്. ഇടുക്കി ദേവികുളം താലൂക്കാണ് പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍.

ഏറ്റവും കൂടുതല്‍ മലയാളി കുടിയേറ്റക്കാരുള്ളത് ഗള്‍ഫ് രാജ്യങ്ങളില്‍തന്നെയാണ്. എങ്കിലും ജിസിസി രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ 2018ലെ 89.2 ശതമാനത്തില്‍നിന്ന് 2023ല്‍ 80.5 ശതമാനത്തിന്റെ ഇടിവു കാണിക്കുന്നുണ്ട്.

Advertisement
Advertisement