വിവാഹം നടന്നില്ല; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

Saturday 15 June 2024 12:13 AM IST

കൊച്ചി: പരസ്യത്തിലൂടെ ഉറപ്പുനൽകി മാട്രിമോണിയൽ സൈറ്റിൽ രജിസ്‌റ്റർ ചെയ്യിപ്പിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവിന് 32,100 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. എറണാകുളത്തെ കേരള മാട്രിമോണിക്കെതിരെ ചേർത്തല സ്വദേശി നൽകിയ പരാതിയിലാണിത്. രജിസ്‌ട്രേഷൻ ചെലവായ 4,100 രൂപയും 28,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരന് നൽകണമെന്നാണ് ഡി.ബി. ബിനു അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

കേരള മാട്രിമോണിയിൽ 2018 ഡിസംബറിൽ സൗജന്യമായി പ്രൊഫൈൽ രജിസ്റ്റർ ചെയ്തെങ്കിലും പണം നൽകിയാലേ യുവതികളുടെ വിവരങ്ങൾ നൽകൂവെന്ന് അറിയിച്ചു. രജിസ്റ്റർ ചെയ്താൽ വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് 4,100 രൂപ ഫീസ് ഈടാക്കി. പണം നൽകിയതിന് ശേഷവും ഫലമുണ്ടാകാത്തതിനാലാണ് യുവാവ് കമ്മിഷനെ സമീപിച്ചത്. 2019 ജനുവരി മുതൽ മൂന്നു മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജിൽ പരാതിക്കാരൻ രജിസ്റ്റർ ചെയ്തെന്നും സേവനകാലയളവിൽ വിവാഹം ഉറപ്പുനൽകിയിട്ടില്ലെന്നും കേരള മാട്രിമോണി വാദിച്ചു.

Advertisement
Advertisement