ബാർ കോഴ വിവാദം: തിരുവഞ്ചൂരിന്റെ മകന്റെ മൊഴിയെടുത്തു

Saturday 15 June 2024 12:37 AM IST

തിരുവനന്തപുരം:ബാറുടമകളിൽ നിന്ന് പണപ്പിരിവിനുള്ള വാട്സ് ആപ്പ് സന്ദേശം വിവാദമായതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർരാധാകൃഷ്ണൻ എം.എൽ.എയുടെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴി ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകിയതായി അർജുൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ബാറുടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ താനില്ലെന്നും തന്റെ ഭാര്യാ പിതാവിന് ബാർ ഉണ്ടെന്നും അർജുൻ മൊഴി നൽകി. ഇടുക്കി ജില്ലയിലെ ബാറുടമകളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്നു പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.ഇടുക്കിയിലെത്തി മൊഴിയെടുക്കണോ അതോ ഓരോരുത്തരെയായി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നതിൽ തീരുമാനമായിട്ടില്ല. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫിസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വാട്സ് ഗ്രൂപ്പിൽ നിന്ന് ശബ്ദ സന്ദേശം എങ്ങനെ പുറത്തു പോയി എന്നതിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
സൗകര്യപ്രദമായ സ്ഥലം അറിയിച്ചാൽ അവിടെയെത്തി മൊഴി രേഖപ്പെടുത്താമെന്ന് ക്രൈംബ്രാഞ്ച് സംഘം അർജുൻ രാധാകൃഷ്ണനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലെത്തി മൊഴിയെടുത്തത്. മദ്യനയം മാറ്റത്തിന് ബാറുകളിൽ നിന്ന് പണം പിരിക്കുന്നതിന് ഫെഡറേഷൻ ഒഫ് ബാർ ഹോട്ടൽ അസോസിയേഷൻ നേതാവ് അനുമോൻ ശബ്ദ സന്ദേശമിട്ട വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ അംഗമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അർജുന്റെ മൊഴി രേഖപ്പെടുത്തിയത്.അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടെന്നും, ഈ നമ്പറിലേ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

Advertisement
Advertisement