സ്‌കൂൾ ബസിന് തീപിടിച്ചു, വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു 

Saturday 15 June 2024 1:32 AM IST
അഗ്നിബാധയിൽ പൂർണമായും നശിച്ച സ്കൂൾ ബസ്


മാന്നാർ: വിദ്യാർത്ഥികളെ കയറ്റിവന്ന സ്കൂൾ ബസിന് തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടലിൽ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 8.45ന് ചെങ്ങന്നൂർ ആലാ അത്തലക്കടവ് -പെണ്ണുക്കര ക്ഷേത്രം റോഡിൽ വച്ചാണ് മാന്നാർ ശ്രീഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ബസിന് തീപിടിച്ചത്. പുലിയൂർ, പേരിശേരി, ആല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെ കയറ്റിവരുമ്പോഴാണ് ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവർ ശ്രീകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം 17 വിദ്യാർത്ഥികൾ ബസിലുണ്ടായിരുന്നു. പെട്ടെന്ന് എൻജിൻ ഓഫ് ചെയ്ത് ഡ്രൈവർ വിദ്യാർത്ഥികളെ പുറത്തിറക്കി സമീപത്തെ വീട്ടിലേക്ക് മാറ്റി. പിന്നാലെ ബസ് പൂർണമായി കത്തിയമർന്നു.

ബസിലെയും പ്രദേശവാസിയായ അഡ്വ.ജെയ്സന്റെ വീട്ടിലെയും അഗ്നിരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. ചെങ്ങന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. പിന്നീട് വിദ്യാർത്ഥികളെ വിവിധ വാഹനങ്ങളിൽ സ്‌കൂൾ അധികൃതർ വീടുകളിൽ എത്തിച്ചു. ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. കത്തിയ ബസിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി നാല് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Advertisement
Advertisement