വെൽക്കം അഫ്ഗാൻ, ഗുഡ് ബൈ കിവീസ്

Saturday 15 June 2024 2:04 AM IST

ടറൗബ: ട്വന്റി-20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ പപ്പുവ ന്യൂ ഗിനിയയെ 7 വിക്കറ്റിന് കീഴടക്കി സൂപ്പർ എട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്ത് അഫ്ഗാനിസ്ഥാൻ. അതേ സമയം അഫ്ഗാന്റെ വിജയം ന്യൂസിലൻഡിന് പുറത്തേക്കുള്ള വഴിയായി. ആദ്യം ബാറ്റ് ചെയ്ത പപ്പുവ ന്യൂഗിനിയ 19.5 ഓവറിൽ 95 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ അഫ്ഗാൻ 15.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി (101/3)

അഫ്‌ഗാനും വിൻഡീസും

ഗ്രൂപ്പ് സിയിൽ നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റിൻഡീസുമാണ് സൂപ്പർ 8 റൗണ്ട് ഉറപ്പിച്ചത്. കളിച്ച മൂന്ന് മത്‌സരങ്ങളും ജയിച്ച ഇരുടീമിനും 6 പോയിന്റ് വീതമുണ്ട്.നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ അഫ്ഗാനാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റിൻഡീസ് രണ്ടാമതും. കളിച 2 മത്സരങ്ങളും തോറ്റ ന്യൂസിലൻഡ് ഏറ്റവും അവസാന സ്ഥാനത്താണ്.ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും അവർക്ക് 4 പോയിന്റെ ആകൂ. ഉഗാണ്ടയും പപ്പുവ ന്യൂഗിനിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. പപ്പുവ ന്യൂഗിനിയയെ കീഴടക്കിയ ഉഗാണ്ടയ്ക്ക് 2 പോയിന്റുണ്ട്.

ഫാബുലസ് ഫറൂഖി

സൂപ്പർ പേസർ ഫസൽഹഖ് ഫറൂഖി പപ്പുവ ന്യൂഗിനിയയ്ക്കെതിരേയും മികച്ച പേസ് ബൗളിംഗുമായി അഫ്ഗാന്റെ രക്ഷയ്‌ക്കെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പപ്പുവ ന്യൂഗിനിയയെ തുടക്കത്തിലേ ഫറൂഖി പ്രതിസന്ധിയിലാക്കി. 4 ഓവറിൽ 16 റൺസ് മാത്രം നൽകിയ ഫറൂഖി 3 വിക്കറ്റുകൾ വീഴ്ത്തി. ക്യാപ്ടൻ അസ്സദ് വലയെയാണ് (3) പപ്പുവ ന്യൂഗിനിയയ്ക്ക് ആദ്യം നഷ്ടമായത്. വലയുടെ റണ്ണൗട്ടിന് പിന്നിൽ ഫറൂഖിയായിരുന്നു. തുടർന്ന് മൂന്നാം ഓവറിലെ ആദ്യ പന്തിൽ ലെഗ സിയാക്കയേയും (0) രണ്ടാം പന്തിൽ സെസെ ബൗവിനേയും (0) ഗോൾഡൻ ഡക്കായി പുറത്താക്കി ഫറൂഖി അഫ്ദഗാന് ആധിപത്യം നൽകി. വിക്കറ്റിന് പിന്നിൽ ഗുർബാസാണ് ക്യാച്ചുകൾ എടുത്തത്. കിംപ്ലിൻ ദോറിഗയുടെ (26) ചെറിയ ചെറുത്ത് നില്പാണ് അവരെ 95 വരയെത്തിച്ചത്. 26 റൺസ് എസ്ട്രാസായും കിട്ടി. നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

നയിബ് നയിച്ചു

36 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന ഗുൽബദിൻ നയിബാണ് ചേസിംഗിൽ അഫ്ഗാന്റെ മുന്നണിപ്പോരാളിയായത്.മുഹമ്മദ് നബി (16) നയിബിനൊപ്പം പുറത്താകാതെ നിന്നു.

Advertisement
Advertisement