ഒമാനെ ഒതുക്കി ഇംഗ്ലണ്ട്

Saturday 15 June 2024 2:08 AM IST

ആന്റിഗ്വ: ട്വന്റി-20 ലോകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഒമാനെ 47 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് വെറും 19 പന്തിൽ വിജയം നേടി സൂപ്പർ 8 പ്രതീക്ഷ നിലനിറുത്തി. 8 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ ആദിൽ റഷീദും 3 വിക്കറ്റ് വീതം നേടിയജോഫ്ര ആർച്ചറും മാർ‌ക്ക് വുഡ്ഡും ചേർന്നാണ് ഒമാനെ എറിഞ്ഞാതുക്കിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറിൽ വിജയം നേടി (50/2). ഇത്രയും ബാൾ ബാക്കി നിൽക്കെ നേടിയ വിജയം ഇംഗ്ലണ്ടിന്റെ നെറ്റ് റൺറേറ്റ് നന്നായി ഉ‌യർത്തി. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തും സിക്സടിച്ചാണ് (12) ഇംഗ്ലീഷ് ഓപ്പണർ സാൾട്ട് തുടങ്ങിയത്. ക്യാപ്ടൻ ജോസ് ബട്ട്‌ലർ (8 പന്തിൽ പുറത്താകാതെ 24) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ആദ്യ റൗണ്ടിലെ നാല് മത്സരങ്ങളും തോറ്റ ഒമാന്റെ ലോകകപ്പ് യാത്ര അവസാനിച്ചു.

47-ട്വന്റി-20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ നാലാമത്തെ സ്കോറാണ് ഒമാന്റെ 47/10.

ആര് കയറും

ബി ഗ്രൂപ്പിൽ നിന്ന് കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ നേരത്തേ തന്നെ സൂപ്പർ
8ൽ എത്തിക്കഴിഞ്ഞു. ഒരു കളി ബാക്കിയുള്ള സ്കോട്ട്ലാൻഡ് 5 പോയിന്റുമായി രണ്ടാമതും ഇംഗ്ലണ്ട് 3 പോയിന്റുമായി മൂന്നാമതുമാണ്. ഒമാനെതിരായ ജയത്തോടെ നെറ്റ് റൺറേറ്റിൽ ഇംഗ്ലണ്ടാണ് സ്കോട്ട്‌ലൻഡിനേക്കാൾ മുന്നിൽ. ഇംഗ്ലണ്ട് അടുത്ത കളിയില്‍ നമീബിയയോട് ജയിക്കുകയും ഓസ്‌ട്രേലിയ സ്‌കോട്ട്‌ലൻഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രണ്ടാമതായി ഇംഗ്ലണ്ട് കയറാനുള്ള സാധ്യതയുണ്ട്. നെറ്റ് റൺറേറ്റ് ഇംഗ്ലണ്ടിന് തുണയാകും. അതേസമയം ഓസ്ട്രേലിക്കെതിരെ തോൽവി ഒഴിവാക്കിയാൽ സ്കോട്ട്ലൻഡ് സൂപ്പർ 8 ഉറപ്പിക്കാം. ഇംഗ്ലണ്ടിന് നമീബിയയെ തോൽപ്പിച്ചാലെ പ്രതീക്ഷവയ്ക്കാനാകൂ.

Advertisement
Advertisement